ടൊറന്റോ ∙ കേരളപ്പിറവിദിനത്തിൽ കൺമണികൾക്കുള്ള ആദ്യത്തെ ഓണക്കോടിയുമായി മിസിസാഗ കേരള അസോസിയേഷൻ വീടുകളിലെത്തുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് അസോസിയേഷനുമായി ബന്ധമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വേദിയിൽ മാവേലി ആദ്യ ഓണക്കോടി നൽകാറുള്ളത് കോവിഡ് പശ്ചാത്തലത്തിൽ നടക്കാതിരുന്നതിനാലാണ് കേരളപ്പിറവി ദിനത്തിൽ വീടുകളിലെത്തി സമ്മാനിക്കുന്നത്.

റജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ വീടുകളിൽ ഞായറാഴ്ച അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണക്കോടിയുമായി എത്തുമെന്ന് പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മിഷേൽ നോർബർട്ടും അറിയിച്ചു.

സ്പോൺസർമാരുടെ സഹകരണത്തോടെ തയാറാക്കിയ ഗ്രോത്ത് ചാർട്ടും ഇക്കുറി ഓണക്കോടിക്കൊപ്പം ലഭ്യമാക്കും. കോവിഡ് നടപടിക്രമങ്ങൾ പാലിച്ചാകും ഇവയുടെ വിതരണം.