ലക്‌നൗ : ആഗ്രയിൽ അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. അസംപാരയിലാണ് സംഭവം.

ചമാൻ മൻസൂരി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്. ദീപാവലി പ്രമാണിച്ചാണ് ഇവിടെ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത് എന്നാണ് വിവരം. സംഭവത്തിൽ ഇയാളുടെ മക്കളായ അസ്മ, അർഷാദ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ ഫർമാൻ, ഷേരു, ഷക്കീൽ എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

പൊട്ടിത്തെറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗോഡൗണിന്റെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.