തിരുവനന്തപുരം : മുഖ്യമന്ത്രി സ്വപ്നയ്ക്ക് പോയിന്റ് ഓഫ് കോൺടാക്ട് എന്ന പേരിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കറിന്റെ മൊഴി .2016 ജൂൺ മുതൽ തന്നെ സർക്കാരിനും യു.എ.ഇ കോൺസുലേറ്റിനും ഇടയിലുള്ള പോയിന്റ് ഓഫ് കോൺടാക്ട് താൻ തന്നെ ആയിരുന്നു. അത് നയതന്ത്ര കാര്യങ്ങൾ എളുപ്പമാക്കുന്നതിനായിരുന്നു എന്നും ശിവശങ്കർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചു നടന്ന സ്വകാര്യ കൂടിക്കാഴ്ച്ചയെ കുറിച്ച് അറിയില്ല. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞായിരുന്നില്ല എന്നും ശിവശങ്കർ വ്യക്തമാക്കുന്നു.

2017ലാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും ശിവശങ്കറിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ ശിവശങ്കർ ആണ് പോയിന്റ് ഓഫ് കോൺടാക്ട് എന്ന് നിർദേശിക്കുകയുമായിരുന്നു എന്ന് സ്വപന സുരേഷ് എൻഫോസ്‌മെന്റിന് മൊഴി നൽകിയിരുന്നു.

എന്നാൽ അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നതിനെ കുറിച്ച് അറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി. 2016 ജൂൺ മുതൽ തന്നെ സർക്കാരിനും യു.എ.ഇ കോൺസുലേറ്റിനും ഇടയിലുള്ള പോയിന്റ് ഓഫ് കോൺടാക്ട് താൻ തന്നെ ആയിരുന്നുവെന്നും ശിവശങ്കർ പറഞ്ഞു.

സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ നിയമനം താത്കാലികമായിരുന്നു. അത് മുഖ്യമന്ത്രി അറിയേണ്ട കാര്യം അല്ലാത്തതുകൊണ്ട് അറിയിച്ചില്ല എന്നും മൊഴിയിലുണ്ട്.നയതന്ത്ര ബാഗേജ്‌ വഴി വന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ചെന്ന് അറിഞ്ഞതോടെ ജൂലൈ ഒന്നിന് സ്വപ്ന വിളിച്ചിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിപ്പിക്കാനായി കോൺസുലേറ്റ് ഉദ്യോഗസ്ഥർ ബീമ പള്ളി പരിസരത്ത് വിൽക്കാനായി വച്ച സൗന്ദര്യ വർധക വസ്തുകൾ കള്ളക്കടത്തിലൂടെ എത്തിച്ചതാണെന്ന് പറഞ്ഞുവെന്നാണ് പറഞ്ഞത് . എന്നാൽ പാർസൽ വിട്ടുകിട്ടാൻ താൻ ഒരു തരത്തിലും ഇടപെട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ മൊഴി.