കോട്ടയം പുതുപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം നാലായി. അമിത് (10) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അമിതിന്റെ അമ്മ ചിങ്ങവനം മൈലുംമൂട്ടില്‍ ജലജയും മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേരില്‍ നാല് പേരാണ് ഇപ്പോള്‍ മരിച്ചത്. ജലജയുടെ പിതാവ് മുരളി (70), കെ കെ ജിന്‍സ് (33) എന്നിവരും ഇന്നലെ തന്നെ മരിച്ചു. ഒരു കുട്ടി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര പരുക്കുമായി ചികിത്സയിലുണ്ട്.

കാറില്‍ അഞ്ച് യാത്രക്കാരുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് 5.45 ഓടെയായിരുന്നു അപകടം നടന്നത്. കോട്ടയം വടക്കേക്കര എല്‍പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വച്ചാണ് സംഭവം. ചങ്ങനാശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്.

കാര്‍ ബസിലേക്ക് ഇടിച്ച് കയറി. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അഗ്‌നിശമന സേന എത്തിയാണ് കാറിലെ ആളുകളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കും ചെറിയ പരുക്കുകള്‍ ഉണ്ടായിരുന്നു.