കേന്ദ്ര ബോര്‍ഡ്, കോര്‍പറേഷനുകളില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി പി.സി. തോമസ്. എന്‍ഡിഎയില്‍ തുടരുന്നതിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരില്‍ പ്രതീക്ഷ വച്ചു, ഒരു സ്ഥാനവും ലഭിച്ചില്ല. മോദി വീണ്ടും അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര ബോര്‍ഡ്, കോര്‍പറേഷനുകളില്‍ പദവികള്‍ മോഹിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷം. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മടുത്തു. അവഗണന സഹിച്ച് എന്‍ഡിഎയില്‍ തുടരുന്നതിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോജിപ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് പറഞ്ഞു.

എന്‍ഡിഎയില്‍ കാര്യമായ പരിഗണന ലഭിക്കുന്നില്ലെങ്കിലും മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. നേരത്തെ ചില യുഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്നും പി.സി തോമസ് വെളിപെടുത്തി. അതേസമയം ജോസ് കെ.മാണിയെ വാഗ്ദാനങ്ങള്‍ നല്‍കി സിപിഐഎം വഞ്ചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നാണ് മുന്‍ അനുഭവം. ഐക്യകേരളാ കോണ്‍ഗ്രസ് അടഞ്ഞ അധ്യായമാണെന്നും പി.സി തോമസ് പറഞ്ഞു.