ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ 25-ാം ഭേദഗതി നിര്‍ദ്ദേശം വലിയ വിവാദമായി മാറുന്നു. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും പ്രത്യേകിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു തന്നെ ആരോപണമുയര്‍ന്നു കഴിഞ്ഞു. അതു കൊണ്ടു തന്നെ പെലോസിക്കെതിരേ റിപ്പബ്ലിക്കന്‍മാര്‍, ‘ഒരു അട്ടിമറി നടത്താന്‍’ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലും പുറത്തു വന്നു കഴിഞ്ഞു. കൊറോണ വൈറസില്‍ നിന്ന് കരകയറുന്നതിനിടെ പ്രസിഡന്റ് ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ 25-ാം ഭേദഗതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച ഒരു ബോഡിയെ അനുവദിക്കുന്ന ബില്‍ അവതരിപ്പിക്കാമെന്ന പെലോസിയുടെ നിര്‍ദ്ദേശമാണ് റിപ്പബ്ലിക്കന്‍മാരെ അമ്പരപ്പിച്ചത്.

25-ാം ഭേദഗതി പ്രകാരം പ്രസിഡന്റിന് തന്റെ ഓഫീസിലെ അധികാരങ്ങളും ചുമതലകളും നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് നിര്‍ണ്ണയിക്കപ്പെടുകയാണെങ്കില്‍ ആക്ടിംഗ് പ്രസിഡന്റാകാന്‍ വൈസ് പ്രസിഡന്റിനെ അനുവദിക്കുന്ന ഭേദഗതിയാണിത്. നിലവില്‍, വൈസ് പ്രസിഡന്റിനും മന്ത്രിസഭയ്ക്കും ഈ ഭേദഗതി നടപ്പാക്കാന്‍ കഴിയും. ‘ഞങ്ങള്‍ ഈ ഭേദഗതിയെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നു.’ പെലോസി പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ ട്രംപ് ഇപ്പോള്‍ യോഗ്യനാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു സ്ഥിരം ബോഡി സ്ഥാപിക്കാന്‍ അനുവദിക്കുന്ന ബില്ലാണിത്. ജാമി റാസ്‌കിനൊപ്പം വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബില്ലിനെക്കുറിച്ചാണ് പെലോസി പരാമര്‍ശിച്ചത്: പ്രസിഡന്‍ഷ്യല്‍ കപ്പാസിറ്റി സംബന്ധിച്ച മേല്‍നോട്ട കമ്മീഷന്‍ ഇത് പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. 2017 ല്‍ റാസ്‌കിന്‍ അവതരിപ്പിച്ച നിയമനിര്‍മ്മാണത്തെയും ബില്‍ പ്രതിഫലിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇതിന് പെലോസിക്ക് സെനറ്റ് റിപ്പബ്ലിക്കന്‍മാരെ അനുഗമിക്കേണ്ടതുണ്ട്. കൂടാതെ, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പ്രഖ്യാപനത്തില്‍ ഒപ്പിടേണ്ടിവരും, അതിനു തീരെ സാധ്യതയില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിവുകെട്ടവനെന്നും അനാരോഗ്യവാനാണെന്നും അറിയിക്കുകയെന്നതു മാത്രമാണ് പെലോസിയുടെ ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിക്കുന്നതെന്നു റിപ്പബ്ലിക്കന്മാര്‍ ആരോപിക്കുന്നു. ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. എന്നാല്‍ അധികാരത്തിലിരുന്നു കൊണ്ട് സ്പീക്കര്‍ രാഷ്ട്രീയനാടകം നടത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അമേരിക്കയിലെ സാധാരണ വോട്ടര്‍മാര്‍ക്കു വരെ ഇക്കാര്യം മനസിലാകുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചിട്ടുണ്ട്. ട്രംപിന്റെ ആരോഗ്യത്തെ രാഷ്ട്രീയ ആയുധമാക്കുന്ന രീതിയോട് ഡെമോക്രാറ്റുകള്‍ക്കും താത്പര്യമില്ലെങ്കിലും ഇപ്പോള്‍ വീണു കിട്ടിയ ആയുധം പ്രയോഗിക്കാന്‍ തന്നെയാണ് അവരുടെയും ശ്രമം.