സ്വർണ്ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. കസ്റ്റഡിയിൽ വാങ്ങിയ സന്ദീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി അൻവർ അലിയെ മറ്റന്നാൾ വരെ പോലിസ് കസ്റ്റഡിയിൽ വിട്ടു. സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ടും ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി.

സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിൻ്റെയും, സന്ദീപിൻ്റെയുമടക്കം പ്രതികളുടെ ഫോൺ, ലാപ്ടോപ്പ് ഡിജിറ്റൽ വിവരങ്ങൾ തിരിച്ചെടുത്ത ശേഷം എൻഐഎ കസ്റ്റഡിയിൽ കിട്ടിയവരുടെ വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി സന്ദീപും സ്വപ്നയും ഉൾപ്പെടെ അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വഷണ സംഘം ആവശ്യപ്പെട്ടത്.

കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെ ഇന്നലെ കസ്റ്റഡിയിൽ വിട്ടിരുന്നു. ശേഷിച്ച അൻവർ അലിയെക്കൂടി കോടതിയിൽ ഹാജരാക്കി എൻഐഎ കസ്റ്റഡിയിൽ വാങ്ങി. മറ്റന്നാൾ വരെയാണ് അൻവിറിനെ കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രധാന പ്രതി സ്വപ്ന സുരേഷിനെ ഇന്നും കോടതിയിൽ ഹാജരാക്കിയില്ല. പകരം കോടതി ആവശ്യപ്രകാരം സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷമാകും സ്വപ്നയെ എൻഐഎ കസ്റ്റഡിയിൽ വിടുക.

അതേ സമയം കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 28 ലേയ്ക്ക് മാറ്റി.