ന്യൂയോര്‍ക്ക്: വര്‍ണവിവേചനം അമേരിക്കയില്‍ ശരിക്കും നടമാടിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ കൊച്ചി തുറമുഖത്തു നിന്നും 40 ഡോളര്‍ കറന്‍സിയും ഒരു ചെറിയ പെട്ടിയുമായി ചരക്ക് കപ്പലില്‍ കയറി 35 ദിവസങ്ങള്‍ക്കുശേഷം 1960 ഓഗസ്റ്റ് 26 ന് ന്യൂയോര്‍ക്ക് തുറമുഖത്ത് കാലുകുത്തിയ നിമിഷം മുതല്‍ നീണ്ട അറുപതു വര്‍ഷക്കാലത്തെ കഴിഞ്ഞകാല ഓര്‍മകള്‍ അയവിറക്കുകയാണ് തിരുവല്ലാ പുറമറ്റം കവുംങ്ങുംപ്രയാര്‍ സ്വദേശിയായ ഊര്യേപടിക്കല്‍ ഒ.സി എബ്രഹാം.

അലഹബാദിലെ പ്രസിദ്ധമായ ക്രിസ്ത്യന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയില്‍ മാനേജരായി ജോലി ചെയ്യുമ്ബോഴാണ് അമേരിക്കയിലെ ഐയോവ സ്റ്റേറ്റിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡിബ്യുക്കില്‍ മാസ്റ്റേഴ്സ് ഇന്‍ ഡിവിനിറ്റി എന്ന കോഴ്സിന് പഠിക്കുവാനായി സ്കോളര്‍ഷിപ്പോടുകൂടി പ്രവേശനം ലഭിക്കുന്നത്. അക്കാലത്ത് ഒരു അമേരിക്കന്‍ ഡോളറിന് നാല് ഇന്ത്യന്‍ രൂപ ആയിരുന്നു വിനിമയ നിരക്ക്. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്രാ കപ്പല്‍ നേരിട്ട് ഇല്ലാതിരുന്ന സമയത്ത് ചരക്ക് കപ്പലില്‍ യാത്ര ചെയ്യുവാനായി 625 ഡോളര്‍ ആണ് ചെലവായത്. 40 ഡോളര്‍ മാത്രമേ വിദേശ കറന്‍സിയായി കൈവശം സൂക്ഷിക്കുവാന്‍ സാധ്യമായിരുന്നുള്ളു.

ഡിബ്യുക്ക് യൂണിവേഴ്സിറ്റിയിലെ ഇന്‍റേണ്‍ഷിപ്പ് പഠനത്തിന്‍റെ ഭാഗമായി കാന്‍സസ്‌ സ്റ്റേറ്റിലെ പ്രസിദ്ധമായ ലെവന്‍വര്‍ത്ത് ഫെഡറല്‍ പ്രിസണില്‍ ചാപ്ലെയിന്‍ ആയി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് ഷിക്കാഗോയിലെ പ്രസിദ്ധമായ മക് കോര്‍മിക്ക് തീയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ചര്‍ച്ച്‌ ഇന്‍ കമ്യൂണിറ്റിയില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. ഈ കാലയളവില്‍ ജെയിന്‍ ആഡംസ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന്‍റെ ഭാഗമായി ഇന്നര്‍ സിറ്റിയിലുള്ള കറുത്തവര്‍ഗക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ഇന്നും ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.

1962 ല്‍ അലബാമയില്‍ വെച്ച്‌ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വര്‍ണ വര്‍ഗ വിവേചന നയത്തിന് എതിരെയുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിച്ചതും അമേരിക്കന്‍ പ്രസിഡന്‍റ് ആയിരുന്ന ജോണ്‍ എഫ്.കെന്നഡിയുടെ വെര്‍ജീനിയായിലെ ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ നടന്ന സംസ്കാര ചടങ്ങില്‍ സംബന്ധിക്കാന്‍ ഇടയായതും പഠനകാലത്ത് നേറ്റിവ് അമേരിക്കന്‍സ് ആയ ഒക് ലഹോമയില്‍ വസിക്കുന്ന ചോക്റ്റോ വിഭാഗക്കാരുടെ ഇടയിലും, അര്‍ക്കന്‍സാസിലെ സെമിനോള്‍ വിഭാഗക്കാരുടെ ഇടയിലും പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതും ഒസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒ.സി എബ്രഹാമിന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങള്‍ ആണ്.

1964 ല്‍ പ്രസിഡന്‍റ് ലിന്‍ഡന്‍ ബി.ജോണ്‍സണ്‍ എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്ന സിവില്‍ റൈറ്റ് ലോ ബില്ലില്‍ ഒപ്പിട്ടതിനു ശേഷം ആണ് ഇന്ത്യ പോലുള്ള രാജ്യക്കാര്‍ക്ക് ഒരു പരിധിവരെ എമിഗ്രേഷന് വഴിതുറന്നത്.1967 ല്‍ ഒ.സി നാട്ടില്‍ പോയി വിവാഹം ചെയ്ത് സഹധര്‍മിണിയോടൊപ്പം വീണ്ടും തിരികെ എത്തി. ഫിലഡല്‍ഫിയായിലെ ടെംബിള്‍ യൂണിവേഴ്സിറ്റിയില്‍ കംപാരിറ്റി റിലിജിയന്‍ എന്ന വിഷയത്തില്‍ പിഎച്ച്‌ഡി പ്രോഗ്രാമിന് ചേര്‍ന്നു.ഭാര്യ ഡെലവെയര്‍ യൂണിവേഴ്സിറ്റിയില്‍ ന്യൂട്രീഷന്‍ പ്രോഗ്രാമില്‍ മാസ്റ്റേഴ്സിനും ചേര്‍ന്നു. ഈ സമയങ്ങളില്‍ ഡെലവെയര്‍ സ്റ്റേറ്റിലെ ബ്രാന്‍ഡിവൈന്‍ കോളജില്‍ ചാപ്ലയിന്‍ ആയി ജോലി ചെയ്തു.

1968 മുതല്‍ ഇന്നുവരെ കുടുംബസമേതം അമേരിക്കയിലെ ഫസ്റ്റ് സ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഡെലവെയര്‍ സംസ്ഥാനത്തെ വില്‍മിഗ്ടണ്‍ എന്ന സിറ്റിയിലാണ് സ്ഥിരതാമസം. ഈ നാളുകളില്‍ അന്‍റാര്‍ട്ടിക്ക ഒഴിച്ചുള്ള ലോകത്തിലെ എല്ലാ ഭൂഖണ്ട ങ്ങളും സന്ദര്‍ശിക്കുവാന്‍ അവസരവും ലഭിച്ചു. ഇന്ന് 86 ന്‍റെ നിറവില്‍ നില്‍ക്കുന്ന ഒസി ഡെലവെയര്‍ സ്റ്റേറ്റ് ചൈല്‍ഡ് മെന്‍റല്‍ ഹെല്‍ത്ത് ട്രീറ്റ്‌മെന്‍റ് കോഓര്‍ഡിനേറ്റര്‍ ആയിട്ടാണ് ജോലിയില്‍ നിന്ന് വിരമിക്കുന്നത്.

ഡെലവെയര്‍ സ്റ്റേറ്റ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് ഡിവിഷന്‍ അഡ്മിനിസ്ട്രേറ്റര്‍ ആയിട്ടാണ് ഭാര്യ തിരുവല്ലാ ഇരവിപേരൂര്‍ ശങ്കരമംഗലത്ത് കുടുംബാംഗമായ നിര്‍മല എബ്രഹാം വിരമിക്കുന്നത്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്നും സജീവമായി രണ്ടുപേരും മാര്‍ത്തോമ്മ സഭയുടെ നേറ്റിവ് അമേരിക്കന്‍ മിഷന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് പെണ്‍മക്കളും അഞ്ച് കൊച്ചുമക്കളും ഇവര്‍ക്കുണ്ട്. മക്കളായ ഡോ.അനീഷ എബ്രഹാം വാഷിംഗ്‌ടണ്‍ ഡിസിയിലുള്ള ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ ടീന്‍ ഹെല്‍ത്ത് സ്പെഷലിസ്റ്റും ഫാക്കല്‍റ്റിയും ആണ്. അജിത എബ്രഹാം മള്‍ട്ടിനാഷണല്‍ കോര്‍പറേഷന്‍ ആയ ക്യാപ്‌ജെമിനൈയില്‍ ഡെപ്യൂട്ടി ജനറല്‍ കൗണ്‍സല്‍ ആണ്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം