സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ടീമിനൊപ്പം വീണ്ടും ഒന്നിക്കാനൊരുങ്ങി വിജയ് ദേവരകൊണ്ട. ഇത്തവണ ഒരു ചെറിയ വ്യത്യാസമുണ്ട്. ക്യാമറയുടെ മുന്നിലല്ല, പിന്നിലാണ് താരമുണ്ടാകുക.

അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വെങ്ക സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ നിര്‍മാതാവാകാന്‍ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. വിജയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയാണ് സീരീസില്‍ നായകനായി എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ, മീക്കു മാത്രം ചെപ്ത എന്ന വെബ് സീരീസും വിജയ് നിര്‍മിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ഇറങ്ങിയ ദൊറസാനി എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം.

എന്നാല്‍ ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് സഹോദരന്റെ വെബ് സീരീസ് നിര്‍മിക്കാന്‍ വിജയ് മുന്നോട്ടു വന്നിരിക്കുന്നത്. പുതിയ വെബ് സീരീസിനായി ഒടിടി പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അര്‍ജുന്‍ റെഡ്ഡിക്ക് സമാനമായ രീതിയിലുള്ളതാകും വെബ് സീരീസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും സ്ത്രീ വിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി.

സഹോദരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നടനാണ് വിജയ്. ഇതിനെ കുറിച്ച്‌ നേരത്തേയും താരം പറഞ്ഞിരുന്നു. സിനിമാ മോഹവുമായി താന്‍ അലഞ്ഞിരുന്ന നാളുകളില്‍ അനിയനാണ് കുടുംബം നോക്കിയത്. അതിനാലാണ് സമ്മര്‍ദ്ദമില്ലാതെ സിനിമ എന്ന ലക്ഷ്യത്തിലേക്ക് നടക്കാന്‍ തനിക്കായത്.

താന്‍ ഇന്ന് എത്തി നില്‍ക്കുന്ന നേട്ടങ്ങളെല്ലാം അനിയന്റെ പിന്തുണയോടെയാണെന്നും വിജയ് പറഞ്ഞിരുന്നു.