ടോക്കിയോ: പടര്‍ന്ന് പിടിക്കുന്ന കൊവിഡ് വൈറസ് ബാധയ്ക്ക് പിന്നാലെ ഭീതി പടര്‍ത്തി ചൈനയുടെ വിത്തു പായ്ക്കറ്റുകള്‍.ചൈനയില്‍ നിന്ന് വരുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന പാക്കറ്റുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. കനഗാവയിലെ മിയൂറ നഗരത്തിലെ പ്രദേശവാസിക്കാണ് ചൊവ്വാഴ്ച ചൈനയില്‍ നിന്ന് വിത്തുകളുമായി സംശയാസ്പദമായ പാക്കേജ് ആദ്യം ലഭിച്ചത്. തുടര്‍ന്നാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആളുകള്‍ക്ക് ഇത്തരം പാക്കറ്റുകള്‍ ലഭിച്ചതായി കണ്ടെത്തിയത്.

സമാന രീതിയില്‍ ‘മെയ്ഡ് ഇന്‍ ചൈന’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഒട്ടിച്ച പാക്കറ്റുകള്‍ അമേരിക്ക, ക്യാനഡ, ന്യൂസിലന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍ നിന്നാണ്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് രാജ്യങ്ങള്‍. ഒരു കാരണവശാലും വിത്തുകള്‍ നടരുതെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. അജ്ഞാത വിത്തുപായ്ക്കറ്റുകള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട കൃഷി ഓഫിസുകളില്‍ അറിയിച്ച്‌ അതു കൈമാറണമെന്നും യു.എസില്‍ നിര്‍ദേശമുണ്ട്.