ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തേ പ്രഖ്യാപിച്ച വിലക്ക് ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകള്‍ക്കുള്ള നിരോധനം അടുത്തമാസം 31 വരെ തുടരുമെന്ന് സിവില്‍ വ്യോമയാന ഡയരക്ടറേറ്റ് ജനറല്‍ അറിയിച്ചു. നേരത്തേ ജൂണ്‍ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 15ലേക്കും ജൂലൈ 31ലേക്കും നീട്ടിയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 25നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. മേയ് ആറു മുതല്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വിദേശത്തുനിന്ന് സര്‍വീസ് നടത്തിയിരുന്നു. മേയ് 25 മുതല്‍ എയര്‍ ഇന്ത്യയും സ്വകാര്യ വിമാന കമ്ബനികളും ആഭ്യന്തര സര്‍വീസും ആരംഭിച്ച. എന്നാല്‍ ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയായിരുന്നു.

രാജ്യത്ത് ഓഗസ്റ്റില്‍ അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. അണ്‍ലോക്ക് മൂന്നിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് അഞ്ച് മുതല്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കിയിട്ടുണ്ട്. യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ രാത്രിയില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ സ്‌കൂളുകള്‍ ഓഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാകരമായി വര്‍ധിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 779 പേരാണ് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. നേരത്തേ ഇറ്റലിയായിരുന്നു മരണസംഖ്യയില്‍ അഞ്ചാമത്. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

പുതിയ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് തടയുന്നതിനായി തമിഴ്‌നാടും ബീഹാറും സംസ്ഥാന വ്യാപക ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് ഓഗസ്റ്റ് 31 വരെയും ബീഹാര്‍ ഓഗസ്റ്റ് 16 വരെയുമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.