കാളകള്‍ ഇല്ലാത്തതിനാല്‍ തന്റെ രണ്ട് പെണ്‍മക്കളെ ഉപയോഗിച്ച്‌ പാടം ഉഴുതുമറിക്കുന്ന നാഗേശ്വര റാവു എന്ന കര്‍ഷകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞെഞ്ചില്‍ ഒരു തേങ്ങലോടെയായിരുന്നു എല്ലാവരും ആ വീഡിയോ കണ്ടതും പങ്കുവച്ചതും. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച്‌ അവര്‍ക്ക് സഹായവാഗ്ദാനങ്ങളുമായി ഒരാള്‍ എത്തി. ആരാധകരുടെ പ്രിയ താരം സോനു സൂദ് ആയിരുന്നു ആ രക്ഷകന്‍.

‘ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും’ വീഡിയോ പങ്കുവെച്ച്‌ താരം കുറിച്ചു.

“സിനിമയില്‍ വില്ലനാണെങ്കിലും റിയല്‍ ലൈഫില്‍ അദ്ദേഹം ഹീറോയാണ്. ആയിരത്തോളം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ അദ്ദേഹം ശരിക്കും ഹീറോയാണെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹം ദൈവമാണ്” എന്നാണ് ട്രാക്ടര്‍ ലഭിച്ച കൃഷിക്കാരന്റെ വാക്കുകള്‍.