ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊറോണ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബെറിനാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിക്കുന്നത്. ബെറിന് കൊറോണ സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് വൃത്തങ്ങളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് നേരിയ കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കൊറോണ പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെറിനെ നിരീക്ഷണത്തിലാക്കി.

എന്നാല്‍, നിരീക്ഷണത്തില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.