കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കാന്‍ തീരുമാനം. ഏറ്റുമാനൂര്‍ നഗരസഭയുടേതാണ് തീരുമാനം. നഗരസഭാ തീരുമാനം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിരിക്കുകയാണ്. നഗരസഭയുടെ നാലാം വാര്‍ഡ് നിലവില്‍ കണ്ടയ്ന്‍മെന്‍റ് സോണാണ്.

ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ 33 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്.

കോട്ടയം ജില്ലയില്‍ 59 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഒന്‍പതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ ഉള്‍പ്പടെ 14 പേര്‍ രോഗമുക്തരായി. നിലവില്‍ 457 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 927 പേര്‍ക്ക് രോഗം ബാധിച്ചു. 469 പേര്‍ രോഗമുക്തരായി.