ധികാരമെന്നത് സന്തോഷിപ്പിക്കാനും സന്തോഷിക്കാനുമായുള്ളതാണെന്ന്‌ മുന്‍ കേന്ദ്രസഹമന്ത്രിയും എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎഎസുകാര്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതില്‍ പിന്നോട്ട് പോയതായി സംശയിക്കുന്നു. കേരളത്തില്‍ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു പാര്‍ട്ടിയുടെ ഓഫീസില്‍ പോകുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നതായും എംപി പറഞ്ഞു. ഐഎഎസുകാരുടെ നട്ടെല്ലിന് എന്തു പറ്റിയെന്ന സംശയം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വോട്ട് ചെയ്തവരാണ് രാജാക്കന്മാര്‍. ജനസമ്പര്‍ക്കത്തിന്റെ ആശയം കൊണ്ടുവന്നത് 80 വയസുള്ള ഒരു അമ്മയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രവര്‍ത്തിക്കുന്നരാകണം ജനപ്രതിനിധികള്‍. രാഷ്ട്രീയപ്രവര്‍ത്തകരുടെ ആശയങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മീഡിയക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കാലത്ത് ഏറ്റവും അധികം പ്രയാസം അനുഭവിച്ച് ജോലി ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്റ് മീഡിയയുടെയും വിഷ്വല്‍ മീഡിയയുടെയും നിലവിലെ സ്ഥിതി പരിതാപകരമാണ്. പരസ്യത്തിന്റെ കുറവ് വലിയ രീതിയില്‍ ഈ മേഖലകളെ ബാധിച്ചതായി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

ലാഭമുണ്ടാക്കിയിരുന്ന പ്രസ്ഥാനങ്ങള്‍ പലതും ഇന്ന് നഷ്ടത്തിലാണ്. വലിയ രീതിയില്‍ ലാഭം നേടിയെടുത്ത മാധ്യമസ്ഥാപനങ്ങള്‍ പോലും കൊവിഡ് കാലത്ത് വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. സര്‍ക്കാരും പരസ്യങ്ങള്‍ കുറയ്ക്കുന്നു. അതുപോലെ തന്നെ പത്രങ്ങളുടെ സര്‍ക്കുലേഷനുകളും കുറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ പോലും പത്രം വായിക്കുന്നത് മൈക്രോവേവ് ഓവനില്‍ വച്ച ശേഷമാണ്. പത്രങ്ങളിലൂടെ രോഗം പടരുമോയെന്ന ആശങ്കയാണ് അതിന് കാരണം. ധാരാളം ആളുകള്‍ പത്രവായന നിര്‍ത്തിയതായി മനസിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിഷ്വല്‍ മീഡിയയിലും വരുമാനം കുറഞ്ഞു. ഇത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ ബാധിക്കും. ഇനിയുള്ള കാലത്ത് ആരൊക്കെ ഈ മേഖലയില്‍ തുടരുമെന്ന് കണ്ടറിയണമെന്നും കണ്ണന്താനം പറഞ്ഞു.

സോഷ്യല്‍ മീഡിയ അസത്യങ്ങളുടെയും തമാശകളുടെയും ഇടമായി മാറി. 35 വയസിന് താഴെയുള്ളവര്‍ പത്രം വായിക്കുന്നില്ലെന്ന് പറയാം. സോഷ്യല്‍ മീഡിയയെ ഫോളോ ചെയ്ത് വാര്‍ത്ത നിര്‍മ്മിക്കുന്ന മാധ്യമങ്ങളുമുണ്ട്.

ഇന്ത്യയുടെ ഇക്കോണമിയെക്കുറിച്ച് പഠിച്ച് സഭകളില്‍ അവതരിപ്പിച്ചാല്‍ പോലും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നത് ദയനീയമാണ്. ടൂറിസം ഇന്ത്യയില്‍ മരിച്ചുകഴിഞ്ഞുവെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. താനൊരിക്കലും ഇനി മത്സരത്തിനില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. സുബിത സുകുമാര്‍ മോഡറേറ്ററായിരുന്നു.  ഡോ. ജോര്‍ജ് കാക്കനാട്ട് ആമുഖപ്രസംഗം നടത്തി. അനില്‍ അടൂര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഫൈസല്‍ അബൂബക്കര്‍ പൊന്നാനി സ്വാഗതവും സുബി സജിന്‍ നന്ദിയും പറഞ്ഞു.