ലോക വ്യാപകമായി കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒമാനില്‍ രാജ്യ വ്യാപക ലോക്ഡൗണ്‍ നിലവില്‍ വന്നു. രാജ്യം മുഴുവന്‍ 15 ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രീം കമ്മറ്റിയുടെ തീരുമാനം.

ഇന്ന് രാത്രി ഏഴുമണിയോടെ സുല്‍ത്താന്‍ സായുധ സേനയും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചു. ആഗസ്റ്റ് എട്ട് ശനിയാഴ്ച വരെ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറുവരെ എല്ലാ ഗവര്‍ണറേറ്റുകളിലും പൂര്‍ണമായ സഞ്ചാരവിലക്കും പ്രാബല്യത്തിലുണ്ടാകും. രാത്രി സമയം കാല്‍നടയാത്രയും അനുവദനീയമല്ല.

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് നൂറ് റിയാല്‍ പിഴ ഈടാക്കും. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്ര ലോക്ഡൗണ്‍ കാലയളവില്‍ അനുവദിക്കില്ല. സൂപ്പര്‍മാര്‍ക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും ഷോപ്പിങ്മാളുകളുമെല്ലാം പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

രാത്രി എമര്‍ജന്‍സി സേവനങ്ങള്‍, അത്യാവശ്യ ഉത്പന്നങ്ങളുടെ ഗതാഗതം തുടങ്ങിയവയാണ് അനുവദനീയമായിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ ടിക്കറ്റ് അടക്കം രേഖകള്‍ കാണിച്ചാല്‍ യാത്ര അനുവദിക്കുകയും ചെയ്യും.