കണ്ണാ….നീ എവിടെയാണ്?
ഞാനെവിടെയെല്ലാം തിരഞ്ഞു.
വയ്യ കണ്ണാ…ഇനിയും എന്തിനാ എന്നെ പറ്റിക്കുന്നെ?
ഹോ.. എന്താ ചൂട്..
ഇവിടെ എവിടേലും ഇരിക്കാം…
കണ്ണാ… ഞാൻ നിന്നെ കാണാതെ പോകും എന്നു വിചാരിക്കണ്ട.
ഹലോ.. സഖീ.. നല്ല ചൂടിലാണല്ലോ..
ഇതെവിടെ നിന്നാണീ ശബ്ദം…
നാലു വശവും നോക്കി… ആരെയും കാണാനില്ല..
മ്ംം നീ അല്ലെങ്കിലും മായാവി ആണല്ലൊ കണ്ണാ..
ഞാൻ അൽപം ഇരിക്കട്ടെ ഈ ആൽത്തറയിൽ..
സഖീ…
ഇവിടേക്കു വരൂ.. നമുക്കിവിടെ ഇരിക്കാം..
ഹായ് കണ്ണാ.. നീ ആലിൽ കയറി ഇരിക്കയാണോ?
സഖീ… നീയും വരൂ…
നല്ല കാര്യമായി കണ്ണാ.. നീ ഒക്കെയും മറന്നു അല്ലെ..
യുഗങ്ങൾ എത്രയായി നിന്നെയും കാത്തിരുന്ന് ഞാനാകെ വലഞ്ഞു..
ഇപ്പോൾ പ്രായം ആയിരിക്കുന്നു..
വയ്യാതെ ആയി..കണ്ണാ..
നീ എന്നെ തേടി വരില്ലായെന്ന് എനിക്കുറപ്പായതുകൊണ്ടാണ് രാധയുടെ കാത്തിരിപ്പിന്റെ കഥയ്ക്ക് ഒരു വഴിത്തിരിവ് ഉണ്ടായത്. ആ യമുനാതീരവും വൃന്ദാവനവും ഇന്നും നിന്നാൽ നിറഞ്ഞതാണ് കണ്ണാ..
അവിടെ സകല ചരാചരവും നിന്നാൽ സ്പന്ദിതവുമാണ്.
എങ്കിലും നിന്റെ സാമീപ്യം യുഗങ്ങളായി ഈ രാധ കൊതിക്കുന്നു കണ്ണാ..
കൃഷ്ണൻ ആൽത്തറയിലെത്തി.
കൃഷ്ണാ… എത്രകാലമായി നിന്നെ ഇതുപോലെ അടുത്തു കണ്ടിട്ട്..
നിന്റെ ഈ പുഞ്ചിരി കൺകുളിർക്കെ കണ്ടിട്ട്.
കൃഷ്ണൻ രാധയുടെ അടുത്ത് ആൽത്തറയിലിരുന്നു..
സഖീ.. എന്റ തോളിൽ ചാരി ഇരുന്നോളു..
നിന്റെ ക്ഷീണം മാറട്ടെ..
കണ്ണാ.. നിന്റെ പുല്ലാങ്കുഴൽ നാദം കേട്ടിട്ടും നാളെത്രയായി..
കണ്ണന്റെ തോളിൽ ചാരിയിരിക്കെ രാധ ചോദിച്ചു.
കണ്ണാ നീ എന്താണ് ശ്രീകോവിൽ വിട്ട് ഇവിടേക്കു വന്നത്?
ഞാൻ മുൻപു പലതവണ വന്നെങ്കിലും നിന്നെ ഒന്നു നേരാം വണ്ണം കാണാനായില്ല..
എന്തായിരുന്നു തിരക്ക്.
ഒരു മാത്രമാത്രം നിന്റെ പുഞ്ചിരി കണ്ട് തിരിച്ചു പോകേണ്ടി വന്നു.
തിക്കിതിരക്കി എന്തു കഷ്ടപ്പെട്ടാണ് നിന്നെ കാണാനായത്..
കൃഷ്ണൻ ഒരു കുസൃതിച്ചിരിയോടെ രാധ പറയുന്നതെല്ലാം കേട്ടിരുന്നു..
നിന്റെ കണ്ണുകളിലെ കുസൃതി സ്വന്തമാക്കും മുൻപ് അവിടെ നിന്റെ നടയിൽ നിന്ന ഒരാൾ എന്നെ തള്ളിമാറ്റി.
കണ്ണാ ഒരു തവണ പോലും നീ എന്നെ കണ്ടെന്നും ഭാവിച്ചില്ല.
എങ്കിലും ഞാൻ തൃപ്തയായിരുന്നു..

ഞാനല്ലാതെ മറ്റൊരു രാധ നിനക്കില്ലല്ലോ?..
ഈ രാധയെ മറക്കാനും നിനക്കാവില്ല..
നിന്നെ കണ്ടു മടങ്ങുമ്പോൾ എനിക്കറിയാം നീ കടക്കണ്ണാൽ എന്നെ കണ്ടു എന്ന്..
നിന്റെ കള്ളച്ചിരിയിൽ എന്നോടുള്ള സ്നേഹം ഒളിപ്പിച്ചു എന്ന്..
അതുകൊണ്ടല്ലെ കണ്ണാ നമ്മുടെ പ്രണയം യുഗങ്ങൾക്കു ഇപ്പുറം ഇന്നും നിലനിൽക്കുന്നത്.
നമ്മുടെ പ്രണയം പാടി നടക്കുന്നവർക്ക് അറിയാം അത് വെറുതെ അല്ലാന്ന്..
രാധ പറഞ്ഞു കൊണ്ടേ ഇരുന്നു..
കണ്ണാ.. ഇന്നും ഞാൻ ആ നടയിൽ എത്തി..
ഉന്തും തള്ളും ഒന്നുമില്ല… ആളൊഴിഞ്ഞ കിഴക്കേ നട..
അവിടിവിടെ നാമമാത്രം ആയി ആളുകൾ.
നിന്റെ നടയ്ക്കൽ വന്നു തൊഴുതു പേകുന്നവർ അറിയുന്നില്ലല്ലോ നീ അവിടെ ഇല്ല എന്ന്.
ഞാൻ ഒന്നു നോക്കിയപ്പൊഴേ മനസ്സിലായി നീ അവിടെ ഇല്ല എന്ന്..
തേജസ്സില്ലാത്ത വെറുമൊരു മുറി ആയിരിക്കുന്നു.
തന്ത്രികൾ അവിടെ ഇരുന്നു മന്ത്രം ചൊല്ലുന്നു..
പൂക്കൾ ഇടുന്നു.. കദളിപ്പഴം തരുന്നു, വെണ്ണ നേദിക്കുന്നു, ധൂപം തരുന്നു..
നീ അതൊന്നും സ്വീകരിക്കാതെ…
സഖീ …
നീ നോക്കൂ.. നമുക്കു ചുറ്റും പൂക്കളും, പാലും, വെണ്ണയും, സുഗന്ധവും എല്ലാം ഇല്ലെ..
രാധ ചുറ്റും നോക്കി.. ശരിയാണ്..
എല്ലാം ഉണ്ട്..
എന്റെ കണ്ണാ… നീ എവിടെ ആയാലും എല്ലാം നിന്നിലെത്തുന്നു..
നിന്റ ഇരിപ്പിടമല്ല കാര്യം …
തരുന്ന മനസ്സുകളാണ്..
നീ എവിടെ ആണോ അവിടം വൃന്ദാവനമല്ലെ?
അതേ സഖീ… എന്നെ അറിയുകയാണ് പ്രധാനം..
എങ്കിലും കണ്ണാ നീ എന്തിനാണു ഇവിടേക്ക് വന്നത്.
കണ്ണന്റെ കണ്ണുകളിൽ കുസൃതി മിന്നിത്തെളിഞ്ഞു..
മനംമയക്കുന്ന കള്ളച്ചിരിയോടെ പറഞ്ഞു..
അതല്ലെ നിനക്കിന്നെന്നെ അടുത്തു കാണാൻ കഴിഞ്ഞത്.

കുറെ നാളായി ഞാനും ആഗ്രഹിക്കുന്നതാണ് ആ ശ്രീകോവിലിൽ നിന്നൊരു മോചനം..
രാവിലെ രണ്ടുമണിക്ക് തുടങ്ങി രാത്രി പതിനൊന്നു വരെ..
എന്നാലും എല്ലാ തിരക്കുകളും ഒഴിയുമ്പോൾ ഞാനീ ആലിൻകൊമ്പത്തെത്തും..
നിന്നോടൊത്തിവിടെ ഇരിക്കുന്നത് നീ അറിഞ്ഞിരുന്നില്ലെ സഖീ..
നിനക്കായി മാത്രം എന്റെ രണ്ട് മണിവീണ സപ്തസ്വരരാഗം തീർത്തതറഞ്ഞിരുന്നില്ലെ?

എല്ലാം ഞാനറിയുന്നുണ്ടായിരുന്നു കണ്ണാ..എങ്കിലും ഇതുപോലെ സ്വതന്ത്രമായി ഇരിക്കാൻ പറ്റില്ലല്ലോ?
ആ യമുനാ തീരത്തും വൃന്ദാവനത്തിലും നിന്നോടൊപ്പം ഉണ്ടായിരുന്ന നാളുകൾക്ക് പകരമാവില്ലല്ലോ?
എന്നാലും നീ എന്തേ കണ്ണാ എന്നെ കാണാൻ ആ യമുനാ തീരം തേടി വരാതിരുന്നത്?
യുഗങ്ങളായി ഞാൻ അവിടെ കാത്തിരിക്കുന്നത് നീ അറിയാഞ്ഞതാണോ?
ഒടുവിൽ ഞാൻതന്നെ നിന്നെ തേടി വരാൻ തുടങ്ങി..
കണ്ണാ.. ഞാനീ യുഗങ്ങൾ മുഴുവൻ കാത്തിരുന്നത് നിന്റെ നെഞ്ചിൽ ഒന്നു മുഖം പൂഴ്ത്തി, നിന്റെ ഈ മൃദുപാണികളുടെ തലോടലേറ്റ് രാധേ.. സഖീ എന്നുള്ള മധുരസ്വരം കാതുകളിൽ കുളിർ മഴയായി ഏറ്റു വാങ്ങി ഒരു നിമിഷം ധന്യമാക്കാനാണ്…
കണ്ണാ…നിനക്കായ് ഈ ഭൂഗോളാന്ത്യം വരെയും ഞാൻ കാത്തിരിക്കാം…
സഖീ… എന്നെ ഇവിടെ ദ്വാരകയിൽ നിന്നും ഗുരുവും വായുവും കൂടി കൊണ്ടുവന്ന് ബന്ധിച്ചു പോയതല്ലെ?
ഇവിടം വിട്ടെങ്ങനെ ഞാൻ എവിടേക്കെങ്കിലും പോകും?
അതല്ലെ നീ ഇവിടേയ്ക്കു വന്നത് സഖീ..
സഖീ.. ഒരു നിമിഷം കണ്ണടയ്ക്കൂ..
ഞാൻ പറഞ്ഞിട്ടേ തുറക്കാവൂ..
ഇനി തുറന്നോളൂ സഖീ..
കണ്ണാ… എനിക്കിതു വിശ്വസിക്കാമോ..ഞാനെവിടെ ആണ്..
വൃന്ദാവനത്തിൽ… കണ്ണാ.. നിന്നോടൊപ്പം..
അതേ സഖീ.. ഇതു സത്യമാണ്..
എല്ലാം യുഗങ്ങൾക്കപ്പുറം ഉണ്ടായിരുന്ന പോലെ ഇല്ലെ?
അതേ..
രാധേ.. എല്ലാം അവിടെ തന്നെ ഉണ്ട്..
ഞാനും നീയും എവിടെ ഒരുമിച്ചുണ്ടോ അവിടം വൃന്ദാവനമാണ്..
ഈ ലോകം ഉള്ളിടത്തോളം ഞാനും നീയും വൃന്ദാവനവും ഉണ്ടാകും..
കണ്ണന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞ് ആ കുസൃതി നിറഞ്ഞ മിഴികളിൽ നോക്കി രാധ നിർവൃതിയിലാണ്ടു.
സഖീ… ഈ മാറിലെ വനമാലയാകൂ..
നിന്റെ കർണ്ണങ്ങൾ എന്റെ സ്വരങ്ങളാൽ നിറയ്ക്കാം..
രാധ കാത്തിരുന്ന യുഗങ്ങളെല്ലാം മറവിയിലാണ്ടു…
രാധ വൃന്ദാവനത്തിലൂടെ കണ്ണനോടൊപ്പം ചരിച്ചുകൊണ്ടേയിരുന്നു….
കണ്ണൻ തുടർന്നു..
ഇപ്പോൾ നോക്കൂ സഖീ… ഞാൻ സ്വതന്ത്രനാണ്.
ഹോ..എന്തു സമാധാനം.. ആരുടെയും തിക്കും തിരക്കുമില്ല..
ഞാൻ ഇവിടെയെല്ലാം സ്വതന്ത്രനായി നടക്കുന്നു.. കാഴ്ചകൾ കാണുന്നു..
ഉള്ളിലിരുന്നു വീർപ്പു മുട്ടാതെ ….
അപ്പോൾ കണ്ണാ… നീ ഇതുവരെ…
അതേ സഖി… പലപ്പോഴും കാണേണ്ടതു കാണാനും കേൾക്കേണ്ടത് കേൾക്കാനും കഴിയാതെ വരുന്നു.
എന്നെ ഒന്നു കാണാൻ മാത്രം വരുന്ന ശുദ്ധഹൃദയരെ ഒരുമാത്ര എന്റെ മുന്നിൽ നിൽക്കാൻ സമ്മതിക്കാതെ ഓടിച്ചു വിടുന്നതു നീയും കണ്ടില്ലെ?

കാശും പത്രാസും ഉള്ളവർ പിൻവാതിലിലൂടെ എന്നെ ദർശിച്ചു അഹങ്കാരത്തോടെ മടങ്ങുമ്പോൾ എന്നെ ഭക്തിയോടെ ഒന്നു കാണാൻ വരുന്നവർ തൃപ്തിയില്ലാതെ മടങ്ങുന്നു.
എനിക്കെന്നും ഏറെ പ്രീയം ശുദ്ധ മനസ്സോടെ എന്നെ സ്മരിക്കുന്നവരെയാണ് സഖീ.
ഞാനെല്ലാം അറിയുന്നവനെന്നും കാണുന്നവനെന്നും അറിയില്ലെ?
എവിടെ ആണെങ്കിലും ആരു വിളിച്ചാലും അറിയുന്നവനും അല്ലെ…
എന്നാലും ദിവസവും തിക്കും തിരക്കും എന്തിന്?
ഇപ്പോൾ നോക്കൂ.. ഞാനെല്ലാവരെയും അറിയുന്നുണ്ട്. കാണുന്നും ഉണ്ട്..
ഇവിടേക്ക് വരാതിരിക്കാൻ എല്ലാവർക്കും പറ്റുന്നു.
ജീവന് വിലയുണ്ട്. ദൈവത്തിന് സ്വൈര്യത കൊടുക്കാതിക്കൂന്നതിൽ കാര്യമില്ല, രോഗം വന്നാൽ സ്വയം ചെയ്യേണ്ടത് ചെയ്യാതെ ദൈവത്തിനെ പഴിപറയേണ്ടതില്ല എന്ന് കുറച്ചൊക്കെ തിരിച്ചറിവു വന്നുകാണും.

അപ്പോൾ കണ്ണാ ഈ മഹാമാരി അനുഗ്രഹമായി എന്നാണോ?
അല്ല സഖീ…
മനുഷ്യന് ഒന്നു മനസ്സിലാക്കി കൊടുക്കാൻ പറ്റും.
എന്താണ് കണ്ണാ?
മഹാമാരികൾക്ക് മനുഷ്യനിലെ വലുപ്പ ചെറുപ്പമോ, ജാതി മത വ്യവസ്ഥയോ ഒന്നും ഇല്ല.
ഇതുപോലെ ഉള്ള മഹാമാരികൾ എല്ലാ അവസ്ഥാന്തരങ്ങൾക്കും മേലെ ആണെന്ന്.

കണ്ണാ… എനിക്ക് തോന്നുന്നില്ല എന്തൊക്കെ ആയാലും മനുഷ്യൻ മാറുമെന്ന്.
ശരിയാണു സഖീ… അതുകൊണ്ടല്ലെ അവർ മനുഷ്യൻ ആയത്.
കണ്ണന്റെ ചുണ്ടിൽ കുസൃതി നിറച്ച് മന്ദഹാസം വിടർന്നു..