ന്യൂഡല്‍ഹി:യുഎഇ കോണ്‍സുലേറ്റിന് കേരളത്തില്‍ കിട്ടുന്ന പ്രത്യേക പരിഗണന കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കാന്‍ തയ്യാറെടുക്കുന്നു.

സ്വര്‍ണ്ണക്കള്ളകടത്ത് കേസില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുമോ എന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ്
കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍,നയതന്ത്ര ബന്ധത്തില്‍ യാതൊരു വിള്ളലും വീണിട്ടില്ല എന്ന് ഇരു രാജ്യങ്ങളും ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയും
അന്വേഷണത്തില്‍ പരസ്പരം സഹായിക്കുകയുമാണ്.സ്വര്‍ണ്ണ കള്ളക്കടത്തിലെ പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ കസ്റ്റഡിയില്‍ എടുക്കുകയും
ചെയ്തു.ഇയാളെ ഉടനെ ഇന്ത്യയില്‍ എത്തിക്കും.അതുകൊണ്ട് തന്നെ സ്വര്‍ണ്ണ കള്ളക്കടത്ത് ഇന്ത്യയും യുഎഇ യും തമ്മിലുള്ള മികച്ച നയതന്ത്ര ബന്ധത്തെ
ബാധിക്കുമെന്ന ആശങ്ക വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

എന്നാല്‍ വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റുമായുള്ള ബന്ധം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോട്‌കൂടി വേണമെന്ന ചട്ടം ലംഘിക്കപെട്ടോ
എന്നത് കേന്ദ്രം പരിശോധിക്കുകയാണ്.

കോണ്‍സുലേറ്റുകള്‍ക്ക് സുരക്ഷ നല്‍കണം എന്നത് പൊതു നിര്‍ദ്ദേശമാണ്,ഈ സുരക്ഷയുടെ പരിധി നിശ്ചയിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്.
യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ഗണ്‍മാനെ നല്‍കിയത്,ഡിജിപി തീരുമാനിക്കേണ്ട വിഷയം അല്ലെന്ന നിലപാടിലാണ്
വിദേശകാര്യമന്ത്രാലയം,

അതുകൊണ്ട് തന്നെ ഡിജിപി ലോക്നാഥ്‌ ബെഹ്റയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സംശയിക്കുന്നു.
ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുന്നതിന് സാധ്യതയുണ്ട്,
വിശദീകരണം തേടുന്ന സാഹചര്യം ഉണ്ടായാല്‍ ഇത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഐഎ യ്ക്ക് തീരുമാനം എടുക്കാവുന്നതാണ്.

കേന്ദ്രത്തെ അറിയിക്കുകപോലും ചെയ്യാതെയാണ് ഡിജിപി യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഗണ്‍മാനെ നിയോഗിച്ചത്.
അതുകൊണ്ട് തന്നെയാണ് ഇക്കാര്യം കേന്ദ്രം പരിശോധിക്കുന്നത്,മന്ത്രി കെ ടി ജലീല്‍ നയതന്ത്ര മര്യാദ പാലിച്ചില്ല എന്ന ആരോപണവും നേരത്തെ
ഉയര്‍ന്നിരുന്നു,ഇത് സംബന്ധിച്ച്‌ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തു.
ഇക്കാര്യവും വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.പ്രാഥമിക വിലയിരുത്തലില്‍ തന്നെ മന്ത്രി കെടി ജലീല്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ
മാര്‍ഗ രേഖ ലംഘിച്ചെന്ന കാര്യം വിദേശകാര്യമന്ത്രാലയത്തിന് ബോധ്യപെട്ടിട്ടുണ്ട്.