ലോസ്‌ആഞ്ചലസ് : അമേരിക്കയിലെ സൗത്ത് കാരൊലീനയില്‍ കൊവിഡ് ബാധിച്ച നായയെ ദയാവധത്തിന് വിധേയമാക്കി. ഉടമകളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 8 വയസുണ്ടായിരുന്ന ഷെപ്പേര്‍ഡ് മിക്സ് ഇനത്തില്‍പ്പെട്ട നായയെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്ന് ജൂലായ് 9നാണ് നായയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജന്മനാ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്ന നായയുടെ ആരോഗ്യസ്ഥിതി അപകടത്തിലാണെന്ന് കണ്ടതോടെയാണ് ദയാവധത്തിന് വിധേയമാക്കിയത്. സൗത്ത് കാരൊലീന സംസ്ഥാനത്ത് ആദ്യമായാണ് ഒരു മൃഗത്തിന് കൊവിഡ് ബാധ കണ്ടെത്തുന്നത്.

യു.എസില്‍ നേരത്തെ ഉടമകളില്‍ നിന്നും നായകളിലേക്ക് കൊവിഡ് രോഗം പകര്‍ന്ന കേസ് കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ നിന്നും കൊവിഡ് 19 വളര്‍ത്തു മൃഗങ്ങളിലേക്ക് പകരാന്‍ സാദ്ധ്യതയേറെയാണ്. അതേ സമയം, വളര്‍ത്തുമൃഗങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകരുന്നതായി ഇതേവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ മനുഷ്യരില്‍ നിന്നെന്ന പോലെ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും അകലം പാലിക്കണം. ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്കും ബ്രോണ്‍ക്സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.