ദില്ലി: ഇന്ത്യയില്‍ കൊറോണ രോഗം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). സാമൂഹിക വ്യാപനം തുടങ്ങിരിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. 34000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. രാജ്യത്ത് മൊത്തം കൊറോണ രോഗികളുടെ എണ്ണം 10.38 ലക്ഷമായി ഉയര്‍ന്നു.

എല്ലാദിവസവും 30000 ത്തിലധികം കൊറോണ രോഗമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഏറ്റവും മോശം അവസ്ഥയാണ്. ഗ്രാമീണ മേഖലയിലേക്ക് രോഗം കൂടുതലായി വ്യാപിക്കുകയാണ്. അശുഭ സൂചനയാണിത്. സാമൂഹിക വ്യാപനത്തിന്റെ സൂചനയാണിത് എന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ ഡോ. വികെ മോങ്ക പറയുന്നു.

സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതിന് വിരുദ്ധമാണ് ഐഎംഎയുടെ പ്രസ്താവനകള്‍. അമേരിക്കക്കും ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. 10 ലക്ഷത്തിലധികം രോഗികളാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി എന്നത് ഏറെ ആശ്വാസകരമാണ്. 26000ത്തിലധികം പേര്‍ക്ക ജീവന്‍ നഷ്ടമായി. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊറോണ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലമാണ് ഐഎംഎ ചൂണ്ടിക്കാട്ടുന്നത്.

നിയന്ത്രണ വിധേയമാക്കാന്‍ ഏറെ പ്രയാസകരമായ സാഹചര്യമാണിതെന്നും ഡോക്ടര്‍ മോങ്ക പറയുന്നു. ദില്ലിയില്‍ ഒരു പക്ഷേ രോഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചേക്കും. മഹാരാഷ്ട്ര, കര്‍ണാടകസ കേരളം, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലകളിലെ അവസ്ഥ എന്താണ് എന്നും ഡോക്ടര്‍ മോങ്ക ചോദിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൂടുതലായി ഇടപെടണമെന്നും അവര്‍ സൂചിപ്പിച്ചു. അതിവേഗമാണ് രോഗം വ്യാപിക്കുന്നത്. രാജ്യത്തെ 70 ശതമാനത്തെയും രോഗം ബാധിക്കുകയും പ്രതിരോധ ശേഷി അവര്‍ സ്വയം നേടുകയും ചെയ്തു. ബാക്കിയുള്ളവരെ കൂടി പ്രതിരോധിക്കാന്‍ പര്യാപ്തമാക്കുകയാണ് രോഗം തടയാനുള്ള മാര്‍ഗമെന്നും ഡോക്ടര്‍ മോങ്ക അഭിപ്രായപ്പെട്ടു.