കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ സരിത്ത് എന്‍ഐഎ കസ്റ്റഡിയില്‍. നിലവില്‍ കേസിലെ മുഖ്യപ്രതികളായ സരിത്ത് സ്വപ്ന, സന്ദീപ് എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലാണ്.എന്‍ഐഎ കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് സരിത്തിനെ 7 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയിലേക്ക് വിട്ടത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് എന്‍ഐഎ പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി സരിത്തിനെയും, സന്ദീപിനെയും, സ്വപ്നയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

സ്വപ്നയുടെയും, സരിത്തിന്റെയും ഫോണ്‍കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇരുവരും ശിവശങ്കറിനെ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം തെളിവുകള്‍ കേസില്‍ ശിവശങ്കറിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സരിത്തിന്റെ സുഹൃത്ത് അഖിലിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. അഖിലില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്.