എടപ്പാള്‍: ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തിന് ബോറടിമാറ്റാന്‍ കൂട്ടുകാര്‍ ഹാന്‍സ്പായ്ക്കറ്റുകള്‍ കേക്കിനുള്ളില്‍ ഒളിപ്പിച്ചു കൈമാറി. എന്നാല്‍, സംഭവം കൈയോടെ പിടികൂടി. എടപ്പാള്‍ ശ്രീവല്‍സം ക്വാറന്റീന്‍ കേന്ദ്രത്തിലാണ് സംഭവം. പ്രവാസിയായ സുഹൃത്തിന് കൊടുക്കാന്‍ സുഹൃത്തുക്കള്‍ എത്തിച്ച കേക്ക് ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന പൂച്ച തിന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഗള്‍ഫില്‍ നിന്നെത്തിയയാള്‍ക്കായിരുന്നു നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകള്‍ നിറച്ച കേക്ക് നല്‍കിയത്. കേക്കിന്റെ
മുകള്‍ഭാഗത്ത് ഒരുകഷണം മുറിച്ച്‌ മാറ്റി അതിനുള്ളിലാണ് പായ്ക്കറ്റുകള്‍ നിറച്ചത്.

എന്നാല്‍, കേക്ക് പൂച്ച കടിച്ചതുകണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികമാരും ട്രോമാകെയര്‍ വൊളന്റിയര്‍മാരും കേക്ക് മുറിച്ച്‌ പൂച്ചകള്‍ക്കുതന്നെ വീതിച്ചുനല്‍കാന്‍ തീരുമാനിച്ചു. അതിനായി കേക്ക് മുറിച്ചപ്പോഴാണ് കേക്കിനുള്ളില്‍നിന്ന് ലഹരിപായ്ക്കറ്റുകള്‍ കണ്ടത്. ട്രോമാകെയര്‍ ചങ്ങരംകുളം യൂണിറ്റ് ലീഡര്‍ സാജിത, അജ്മല്‍, എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികമാര്‍.