ന്യൂഡല്‍ഹി | ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി ഇന്ന്. ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും 2011ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ രാജകുടുംബം നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി ഇന്നു തന്നെ തീരുമാനം പറഞ്ഞേക്കും. ഭരണത്തിനായി പ്രത്യേക സമിതി രൂപവത്ക്കരിക്കണമെന്ന ശിപാര്‍ശ രാജകുടുംബവും സര്‍ക്കാറും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ സ്വത്തല്ല, ഭരണപരമായ അവകാശം വേണമെന്നതു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നാണ് രാജകുടുംബം ഹരജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ഗുരുവായൂര്‍ മാതൃകയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപവത്ക്കരിക്കണമെന്നും സമിതിയുടെ അധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കണമെന്നുമുള്ള അഭിപ്രായമാണ് രാജകുടുംബത്തിന്റെത്. എട്ടംഗ ഭരണസമിതി രൂപവത്കരിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാറും മുന്നോട്ടുവക്കുന്നു.