മെല്‍ബണ്‍: ആഗോള തലത്തില്‍ ഇന്ത്യക്കു പിന്നാലെ ചൈനക്കെതിരെ നിലപാട് കടുപ്പിച്ച്‌ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കെ ഓസ്‌ട്രേലിയയും ആപ്പ് നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ടിക് ടോക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് ലഭിക്കുമെന്ന വിലയിരുത്തലാണ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിന്നിലെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ചൈന ടിക് ടോക്ക് ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ലിബറല്‍ സെനറ്റര്‍ ജിം മൊലാന്‍ ആരോപിച്ചിരുന്നു.

അതേസമയം, ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാന്‍സ് എന്ന കമ്ബനി ആപ്പിന് സുരക്ഷ പ്രശ്‌നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ടിക് ടോക്കിന്റെ സെര്‍വറുകള്‍ അമേരിക്കയിലും സിംഗപ്പൂരിലുമാണെന്നാണ് ബൈറ്റ്ഡാന്‍സ് വ്യക്തമാക്കിയത്. എന്നാല്‍, ചൈനീസ് സര്‍ക്കാരിന് ഈ വിവരങ്ങള്‍ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നാണ് വിലയിരുത്തല്‍.