പ്രതിഫലം ചോദിച്ചപ്പോള്‍ WCCയുടെ പ്രധാന പ്രവര്‍ത്തകയായ സംവിധായിക പ്രൊജക്റ്റില്‍ നിന്നും മാറ്റിയെന്ന ആരോപണവുമായി കോസ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവിയര്‍ രംഗത്തെത്തിയിരുന്നു.

വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തെന്നും, ഒടുവില്‍ റെമ്യൂണറേഷന്റെ കാര്യം വന്നപ്പോള്‍ തന്നെ പുറത്താക്കുകയും ചെയ്തെന്നാണ് സ്റ്റെഫിയുടെ ആരോപണം.

എന്നാല്‍ ആരെങ്കിലും പ്രതികരിക്കുമ്ബോള്‍ ‘നിങ്ങള്‍ ജനിക്കുമ്ബോള്‍ ഞാന്‍ സിനിമയില്‍ വന്നയാളെന്ന്’ ഡയലോഗ് പറയുകയാണോ വേണ്ടത് എന്ന് നിര്‍മാതാവ് ഷിബു ജി. സുശീലന്‍. സ്റ്റെഫിയുടെ ആരോപണം വന്ന ശേഷം സ്ത്രീകളുടെ തുല്യതക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നെന്ന പേരില്‍ ആരംഭിച്ച സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്‌ട്ടീവ് (WCC) എന്ത് നടപടി സ്വീകരിച്ചു എന്ന് ഇദ്ദേഹം ചോദിക്കുന്നു.

വിശദമായ ഫേസ്ബുക് പോസ്റ്റ് ചുവടെ:

കോസ്റ്യൂം ഡിസൈനര്‍ സ്റ്റെഫിക്ക് ആ നായിക/മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്ബോള്‍ WCCയില്‍ ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും, അത് ശരിയല്ല. പേര് തുറന്നു പറയാന്‍ ധൈര്യം കാണിക്കണം.

അവസരം തന്നത് ഇവിടെയുള്ള നിര്‍മ്മാതാക്കളും സംവിധായകരുമാണ്. അതുകൊണ്ടു പേര് പറയാന്‍ മടി കാണിക്കേണ്ട കാര്യമില്ല. ഏതു കൊമ്ബത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവര്‍ത്തകയോട് ഇങ്ങനെയാണോ ചെയ്യുന്നത്?
ഇതാണോ വനിതാ സ്നേഹം? ഇതിനുള്ള ‘ഒരിടം’ ആണോ WCC?

ഡയലോഗ് പറഞ്ഞിട്ടോ ബാനര്‍ പൊക്കി പിടിച്ചു ഡാന്‍സ് കളിച്ചിട്ടോ കാര്യമില്ല. കൂടെ നിര്‍ത്താനുള്ള മനസ്സാണ് വേണ്ടത്. അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരിയല്ല.
സ്റ്റെഫിയെ സിനിമയില്‍ വര്‍ക്ക്‌ ചെയ്യാന്‍ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏല്‍പ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തുകൊടുത്തു.

എന്നാല്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വര്‍ക്ക്‌ ചെയ്യാന്‍ അവരുടെ അസിസ്റ്റന്റിനെ വിളിക്കുക. അത് വളരെ മോശമായി പോയി. നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്‌ട് ചെയ്യാന്‍ വിളിച്ചാല്‍ നിങ്ങള്‍ പ്രതികരിക്കില്ലേ?

ഇക്കാര്യങ്ങളില്‍ സ്റ്റെഫി പ്രതികരിച്ചപ്പോള്‍
‘സ്റ്റെഫി ജനിക്കുമ്ബോള്‍ ഞാന്‍ സിനിമയില്‍ വന്നയാളാണ്’ എന്ന ഡയലോഗ് പറയുകയാണോ ചെയ്യേണ്ടത്. ഇതൊക്കെ WCC യിലെ ഒരംഗം പറയുന്നത് ശരിയാണോ?

സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ വിവേചനം ഉണ്ടെന്ന് പറഞ്ഞ് വന്ന സ്ത്രീസംഘടനയായ WCCയിലുള്ള ഒരു സംവിധായിക ഇങ്ങനെയാണോ സഹപ്രവര്‍ത്തകയോട് പെരുമാറുന്നത്.
സ്റ്റെഫിയോട് WCCയിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടിയാണ് വനിത സംഘടന എടുത്തത് ?

ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാന്‍ WCC എന്ന സംഘടന തയാറാകുമോ? പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്സ് കാര്‍ഡിലോ പോലും സ്റ്റെഫിയുടെ പേര് വെക്കാതെ ഒഴിവാക്കിയതില്‍ സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാന്‍ സാധിക്കുന്നത്.

സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവില്‍
കേരള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ വ്യക്തിയാണ്. 2015ല്‍ സിനിമാ ജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്‌ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതില്‍ ഫെഫ്കയൂണിയന് അഭിമാനിക്കാം.