ഗാന്ധിനഗര്‍| തുടര്‍ച്ചയായ മൂന്നാം ദിവസവും ഗുജറാത്തില്‍ കനത്തമഴ. സൗരാഷ്ട്ര, കച്ച്‌ മേഖലകളില്‍ മണ്‍സൂണ്‍ ശക്തമാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ആയിരത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

ദ്വാരകയില്‍ വന്‍തോതില്‍ വെള്ളം കയറുന്നതായാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജംനഗറിലും പോര്‍ബന്ദറിലും മഴ വന്‍ തോതില്‍ ബാധിച്ചു. ജംനഗറിലെ ഒരു കുടുംബത്തിലെ ഒമ്ബത് പേരെയും പോര്‍ബന്ദറില്‍ നിന്ന് മൂന്ന് പേരെയും ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗുജറാത്ത് തീരത്ത് തെക്ക്-പടിഞ്ഞാറ്, വടക്കുകിഴക്കന്‍ അറേബ്യന്‍ കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മുംബൈയിലഉം സമീപ പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം മുതല്‍ മിതമായ മഴ ലഭിച്ചു.