ജുബൈല്‍∙ പ്രമുഖ വ്യവസായിയും ജുബൈലിലെ സാമൂഹിക രംഗത്ത്‌ നിറസാന്നിധ്യവുമായ തൃശൂര്‍ വടക്കേക്കാട്‌ സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജന്‍ (65) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ജുബൈല്‍ മുവാസാത്ത്‌ ആശുപത്രിയില്‍ പനിയും ദേഹാസ്വസ്ഥ്യവും മൂലം ചികില്‍സയിലായിരുന്നു.

1982 മുതല്‍ ജുബൈലില്‍ പ്രവാസിയായ ഇദ്ദേഹം റീഗല്‍ എന്ന പേരില്‍ ഹോട്ടല്‍ ബിസിനസ്‌ നടത്തി വരികയായിരുന്നു. ബിസിനസ്‌ മക്കളെ ഏല്‍പ്പിച്ച്‌ രണ്ടു വര്‍ഷം മുമ്ബ്‌ വിശ്രമം ജീവിതം നയിക്കുന്നതിന്‌ നാട്ടില്‍ പോയ ഇദ്ദേഹം കൊറോണ ആരംഭിക്കുന്നതിന്‌ തൊട്ടു മുമ്ബാണ്‌ ജുബൈലില്‍ തിരിച്ചെത്തിയത്‌. കഴിഞ്ഞ മാസം ആറിനു നാട്ടില്‍ പോകാന്‍ അദ്ദേഹത്തിനും ഭാര്യക്കും വിമാന ടിക്കറ്റ്‌ എടുത്തിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്, അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഉപയോഗപ്പെടുത്തുന്നതിന്‌ ജുബൈലിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ക്രൈസിസ്‌ മാനേജ്മെന്റിന്‌ ആ ടിക്കറ്റുകള്‍ സംഭാവന നല്‍കുകയാണുണ്ടായത്‌.