കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വര്‍ണ്ണ ബിസ്കറ്റുകള്‍’ അയച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. സി.പി.എം അധികാരത്തില്‍ ഇരിക്കുമ്ബോള്‍ ഭരണസിരാകേന്ദ്രം സെക്രട്ടറിയേറ്റില്‍ നിന്നും എ.കെ.ജി സെന്ററിലേക്ക് മാറ്റുന്നു എന്ന ആരോപണമാണ് നേരിടാറുള്ളതെങ്കില്‍ പിണറായി ഭരണത്തില്‍ ഭരണം മാഫിയ സംഘങ്ങളുടെ കൈകളില്‍ അകപ്പെട്ടിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സ്വര്‍ണ്ണകടത്തില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത്‌ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതീകാത്മാക ‘സ്വര്‍ണ്ണ ബിസ്‌ക്കറ്റ്’ അയക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം ഐ.ടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയത് കൊണ്ട് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. സ്പ്രിംഗ്‌ളര്‍ കരാര്‍, ഇ-മൊബിലിറ്റി കരാര്‍, ബെവ് ക്യൂ ആപ്പ് തുടങ്ങിയ സമകാലിക അഴിമതി ആരോപണങ്ങളില്‍ ഐ.ടി സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നതെന്നും ഫിറോസ് പറഞ്ഞു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കള്ളന്‍ കഥാപാത്രത്തെ പോലെ പിടിച്ച്‌ നില്‍ക്കാനുള്ള അവസാനത്തെ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ഐ.ടി സെക്രട്ടറിയെ സ്ഥാനത്തു നിന്ന് നീക്കിയതെന്ന് ഫിറോസ് പരിഹസിച്ചു.