• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: ന്യൂയോര്‍ക്കിനു ശേഷം കോവിഡ് പകര്‍ച്ചവ്യാധി പിടിതരാതെ പടരുന്നതില്‍ കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സസ് സംസ്ഥാനങ്ങള്‍ക്കു കടുത്ത ആശങ്ക. നിയന്ത്രണവിധേയമല്ലാത്ത വിധത്തില്‍ സാമൂഹികവ്യാപനം സംഭവിക്കുന്നുവെന്നതിന്റെ വലിയ തെളിവുകള്‍ ഈ മൂന്നു സംസ്ഥാനങ്ങളിലുമുണ്ട്. ന്യൂയോര്‍ക്കിനു തൊട്ടു പിന്നാലെ 206000 രോഗികളുമായി ഫ്‌ളോറിഡയാണ് രാജ്യത്ത് രണ്ടാം സ്ഥാനത്ത്. 201000 രോഗികളുമായി ടെക്‌സസ് മൂന്നാം സ്ഥാനത്ത്. ന്യൂജേഴ്‌സി, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത് യഥാക്രമമുള്ളത്. രാജ്യത്ത് രോഗികളുടെ എണ്ണം മുപ്പതുലക്ഷം കവിഞ്ഞു. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3,042,670 രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മരിച്ചവരുടെ എണ്ണം 133,062 ആയി. രോഗബാധിതരുടെ കാര്യത്തിലും മരണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയില്‍ ഇതുവരെ 723,195 പേര്‍ക്കു രോഗവും 20,201 മരണവും സംഭവിച്ചു കഴിഞ്ഞു. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയാവട്ടെ ലോകരാജ്യങ്ങളില്‍ ഇപ്പോള്‍ 22-ാം സ്ഥാനത്താണ്.

ആശുപത്രി കിടക്കകളുടെ അഭാവവും ടെസ്റ്റിങ് സെന്ററുകളുടെ പ്രതിസന്ധിയുമാണ് ഫ്‌ളോറിഡയിലും ടെക്‌സസിലും ഇപ്പോഴുള്ളത്. കോവിഡ് പടര്‍ന്ന ആദ്യ മാസങ്ങളില്‍, ടെസ്റ്റിങ് സെന്ററുകളുടെ കാര്യത്തില്‍ രാജ്യം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പിന്നീട് രാജ്യം അതിന്റെ പരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുകയും ജൂണില്‍ 15 ദശലക്ഷം ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. ഇത് ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയാണ്. തുടര്‍ന്നു, പല സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍, പരിശോധനയ്ക്കുള്ള ആവശ്യം കുതിച്ചുയര്‍ന്നു. ഇതാവട്ടെ ഓരോ സംസ്ഥാനത്തിന്റെയും ശേഷിയെ മറികടന്ന് ഒരു പുതിയ പരീക്ഷണ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൊറോണ വൈറസ് വാക്‌സിനുകളും ചികിത്സകളും അമേരിക്കന്‍ ജനതയ്ക്ക് എത്രയും വേഗം ലഭ്യമാക്കാനുള്ള വിപുലമായ ഫെഡറല്‍ ശ്രമമായ ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ടെസ്റ്റിങ് സെന്ററുകള്‍ക്കു പുറമേ, മേരിലാന്‍ഡ് ആസ്ഥാനമായുള്ള നോവാവാക്‌സ് എന്ന കമ്പനിയോട് കൊറോണ വൈറസ് വാക്‌സിന്‍ 100 ദശലക്ഷം ഡോസ് അടിയന്തിരമായി വികസിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ നിരവധി കമ്പനികളാണ് വാക്‌സിനു വേണ്ടി ശ്രമിക്കുന്നത്. നോവാവാക്‌സിന് അടുത്ത വര്‍ഷം ആരംഭത്തോടെ ഫെഡറല്‍ സര്‍ക്കാര്‍ 1.6 ബില്യണ്‍ ഡോളര്‍ നല്‍കും. ഇതു സംബന്ധിച്ച കരാറില്‍ സര്‍ക്കാര്‍ ഒപ്പിട്ടു. എന്നാല്‍ പദ്ധതിയുടെ മുഴുവന്‍ വ്യാപ്തിയും ഇപ്പോഴും വ്യക്തമല്ല.

പകര്‍ച്ചവ്യാധി ബാധിച്ച ന്യൂയോര്‍ക്ക് നഗരം 1970 കളിലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതു വരും മാസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തികമേഖലയെ നേരിട്ടു ബാധിക്കുമെന്നാണ് സൂചന. നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനത്തിനടുത്താണ്. ഈ മഹാമാരി നഗരം ഒരിക്കലും സഹിച്ചിട്ടില്ലാത്ത വിധമാണ് ഇപ്പോള്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. മുന്‍കാലത്തെ മിക്ക സാമ്പത്തിക പ്രതിസന്ധികളും ‘ഒരു നീണ്ടുനില്‍ക്കുന്ന രോഗം പോലെയായിരുന്നുവെങ്കില്‍ ഇപ്പോഴത്തേത് ഹൃദയയാഘാതം പോലെയാണ്’, എന്ന് സിറ്റി കംട്രോളര്‍ ഓഫീസിലെ മുന്‍ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ബ്രാക്കോണി പറഞ്ഞു.

റെസ്‌റ്റോറന്റുകളും ഹോട്ടലുകളും ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ പഴയവിധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. എന്നാല്‍ പൂര്‍ണതോതിലേക്ക് മാറാന്‍ ഇനിയും സമയമെടുത്തേക്കും. ഇന്‍ഡോര്‍ ഡൈനിംഗ് വീണ്ടും തുറക്കാന്‍ ഉേദ്യാഗസ്ഥര്‍ അനിശ്ചിതമായി കാലതാമസം വരുത്തിയതിനെത്തുടര്‍ന്ന് ചിത്രം കൂടുതല്‍ വഷളായി. ജൂണില്‍ ദേശീയ തൊഴിലില്ലായ്മാ നിരക്ക് 11.1 ശതമാനമായി കുറഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ നിരക്ക് മെയ് മാസത്തില്‍ 18.3 ശതമാനത്തിലെത്തി, 44 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ജൂണിലെ സംഖ്യ അടുത്ത വ്യാഴാഴ്ച പുറത്തിറങ്ങും. ഫെബ്രുവരി മുതല്‍ നഗരത്തിന്റെ ആകെ തൊഴില്‍ നഷ്ടം 1.25 ദശലക്ഷം വരെയാണ്.

അതേസമയം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്ന വിധത്തില്‍ ഇമിഗ്രേഷന്‍നയം കൊറോണയെതുടര്‍ന്നു പുനഃസംഘടിപ്പിക്കുന്നു. അവരുടെ എല്ലാ ക്ലാസുകളിലും ഓണ്‍ലൈനില്‍ ആയതിനാല്‍ ഇപ്പോഴത്തെ വിസ ഒഴിവാക്കുന്നതായി ഇമിഗ്രേഷന്‍ അധികൃതര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. നയത്തിലെ മാറ്റത്തിന്റെ ഫലമായി, കോളേജ് കാമ്പസുകള്‍ വീണ്ടും തുറക്കാത്ത പക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരും. അല്ലാത്തവരുടെ വിസകള്‍ സാധുവായി പരിഗണിക്കില്ലെന്ന് എമിഗ്രേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇത്തരത്തില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തുണ്ട്.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഒരു ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിസ നല്‍കിയിരുന്നു. ഈ വസന്തകാലത്ത്, മിക്ക അമേരിക്കന്‍ കോളേജ് കാമ്പസുകളും അടച്ചുപൂട്ടിയതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്കു സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും. ഇപ്പോള്‍ പലര്‍ക്കും അവരുടെ കാമ്പസ് ജോലികള്‍ നഷ്ടപ്പെട്ടു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഫെഡറല്‍ സഹായ ഫണ്ടുകള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതയില്ലാത്തതും വലിയ പ്രതിസന്ധിയായി.