പാട്ന: കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം വേദി പങ്കിട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. നിതീഷ് കുമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പട്‌നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കാണ് (ഐജിംസ്) സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധന ഫലം ഞായറാഴ്ച ലഭിക്കും.

നിതീഷ് കുമാറിനു പുറമേ കോവിഡ് -19 പരിശോധനയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിലെ 15 ജീവനക്കാരുടെ സാമ്ബിളുകളും ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈ ഒന്നിന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം‌എല്‍‌സികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷ് കുമാര്‍ രോഗം സ്ഥിരീകരിച്ച ആദേഷ് നാരായണ്‍ സിങ്ങുമായി വേദി പങ്കിട്ടിരുന്നു. ബിഹാറില്‍ ഇന്ന് 349 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11460 ആയി. ഇതിനോടകം 8211 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇന്ന് ആകെ 22771 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 6.48 ലക്ഷമായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 8376 പേരാണ്.