ന്യൂഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മയ്ക്കും കൊവി‍ഡ് സ്ഥിരീകരിച്ചു. ഇരുവരേയും സൗത്ത് ഡല്‍ഹി സാകേതിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയുടെയും അമ്മ മാധവി രാജെ സിന്ധ്യയുടെയും കൊറോണ പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 4 ദിവസമായി ജ്യോതിരാദിത്യ സിന്ധ്യ മാക്സ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

ജ്യോതിരാദിത്യ സിന്ധ്യ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും അമ്മ ലക്ഷണമില്ലാതെ തുടരുകയായിരുന്നു. ഇരുവരും ഇപ്പോള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. നേരത്തെ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, പനി, തൊണ്ടവേദന എന്നിവ അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ കെജ്‌രിവാള്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രവ പരിശോധനാ റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.