വാഷിംഗ്ടണ്‍: മിസിസിപ്പിയുടെ തലസ്ഥാനമായ ജാക്‌സണില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കഴിഞ്ഞയാഴ്ചയുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും റോഡുകള്‍വരെ പുഴകളായി. വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ജാക്‌സണിലുള്ള ഏകദേശം 1,80,000 ത്തോളം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളമില്ലാത്ത അവസ്ഥയിലാണ്. വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ പ്രധാന ജലശുദ്ധീകരണ സംവിധാനത്തിന് നേരിട്ട തകരാറാണ് നഗരവാസികള്‍ക്ക് കുടിവെള്ളം മുട്ടിച്ചത്. ജലശുദ്ധീകരണ സംവിധാനം എന്നുമുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തതയില്ല.

സംസ്ഥാനത്ത് അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍, റസ്‌റ്റോറന്റുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലസംഭരണിയില്‍നിന്നുള്ള ശുദ്ധീകരിക്കാത്ത വെള്ളമാണ് ഇപ്പോള്‍ പൈപ്പുകളിലൂടെ ലഭിക്കുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പ്രദേശവാസികള്‍ക്ക് നഗരസഭാ അധികാരികളും സംസ്ഥാന അധികൃതരും കുപ്പികളിലാക്കിയ കുടിവെള്ളം പ്രദേശവാസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. കുടിവെള്ളം തിളപ്പിച്ചശേഷം ഉപയോഗിക്കണമെന്ന് അധികൃതര്‍ കഴിഞ്ഞമാസംതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് പേള്‍ നദി കരകവിഞ്ഞ് നഗരവീഥികളിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. നദിയിലെ വെള്ളം ജലശുദ്ധീകരണ പ്ലാന്റില്‍ കയറിയതിനെത്തുടര്‍ന്നാണ് ജലശുദ്ധീകരണ സംവിധാനം തകരാറിലായത്. പ്രതിദിനം 190 ദശലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഇവിടെ ശുദ്ധീകരിച്ച് വിതരണം നടത്തിയിരുന്നത്. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് മറ്റ് പ്ലാന്റുകളില്‍ വെള്ളം ശുദ്ധീകരിക്കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഈ വര്‍ഷം അതിശക്തമായ മഴയാണ് പെയ്തതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. ഈ മാസമുണ്ടായ പേമാരിയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോവുകയും ചെയ്തു.