തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ലെ ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ല്‍ തു​ട​ര​ണ​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടും. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നോ​ടാ​ണ് ഡി​ജി​പി നി​യ​മോ​പ​ദേ​ശം തേ​ടു​ക.

അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ടി​ന് കൈ​മാ​റ​ണ​മെ​ന്ന് പോ​ലീ​സി​നു നേ​ര​ത്തെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. റൂ​റ​ല്‍ എ​സ്പി ഡി.​ശി​ല്‍​പ​യ്ക്കാ​ണ് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ത്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തും ന​ട​പ്പാ​ക്കി​യ​തും ത​മി​ഴ്‌​നാ​ട്ടി​ല്‍​വ​ച്ചാ​ണ്.

കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച ഭൂ​രി​ഭാ​ഗം കാ​ര്യ​ങ്ങ​ളും ന​ട​ന്ന​ത് സം​സ്ഥാ​ന​ത്തി​നു പു​റ​ത്താ​യ​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ത​ന്നെ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നാ​യി​രു​ന്നു നി​യ​മോ​പ​ദേ​ശം. വി​ചാ​ര​ണ​വേ​ള​യി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ അ​ധി​കാ​ര​പ​രി​ധി പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം കൈ​മാ​റാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ടി​ന് കൈ​മാ​റു​ന്ന​തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഷാ​രോ​ണി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി. കേ​സ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മാ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ര്‍ നി​വേ​ദ​നം ന​ല്‍​കി​യ​തോ​ടെ അ​ന്വേ​ഷ​ണം കേ​ര​ള പോ​ലീ​സ് ത​ന്നെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ഴി​ഞ്ഞ ദി​വ​സം ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു.