തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ അന്വേഷണം കേരള പോലീസ് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉറപ്പ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്.
മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അച്ഛന് ജയരാജന് പറഞ്ഞു.
കേസ് തമിഴ്നാട് പോലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് ഷാരോണിന്റെ അച്ഛന് ജയരാജന്, അമ്മ പ്രിയ, അമ്മാവന് സത്യശീലന് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം തമിഴ്നാടിന് കൈമാറണമെന്ന് പോലീസിനു നിയമോപദേശം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. റൂറല്‍ എസ്പി ഡി.ശില്പയ്ക്കാണ് നിയമോപദേശം ലഭിച്ചത്.
കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തമിഴ്നാട്ടില്‍വച്ചാണ്. കുറ്റകൃത്യം സംബന്ധിച്ച ഭൂരിഭാഗം കാര്യങ്ങളും നടന്നത് സംസ്ഥാനത്തിനു പുറത്തായതിനാല്‍ തമിഴ്നാട് പോലീസ് തന്നെ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നു.



