അ​മ​രാ​വ​തി: വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​ന്ധ്രാ പ്ര​ദേ​ശ് മു​ൻ മ​ന്ത്രി​യും തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി(​ടി​ഡി​പി) നേ​താ​വു​മാ​യ ‌അ​യ്യ​നാ പാ​ത്രു​ഡു​വി​നെ​യും മ​ക​ൻ രാ​ജേ​ഷി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ന്ധ്രാ പോ​ലീ​സി​ന്‍റെ സി​ഐ​ഡി വി​ഭാ​ഗം പാ​ത്രു​ഡു​വി​നെ​യും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യ രാ​ജേ​ഷി​നെ​യും ന​ർ​സി​പ്പ​ട്ട​ണ​ത്തെ വ​സ​തി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും എ​ലൂ​രു ജി​ല്ല​യി​ലെ പോ​ലീ​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

രാ​വ​നാ​പ്പ​ള്ളി ക​നാ​ൽ കൈ​യ്യേ​റി​യാ​ണ് ഇ​വ​ർ വീ​ടും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ച​തെ​ന്ന് പോ​ലീ​സ് ആ​രോ​പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​വ​ർ വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച് കോ​ട​തി​യെ തെ​റ്റി​ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ച ടി​ഡി​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു, വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണ് അ​റ​സ്റ്റെ​ന്ന് പ്ര​സ്താ​വി​ച്ചു. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് ന​ർ​സി​പ്പ​ട്ട​ണ​ത്ത് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.