സാൻ ഫ്രാൻസിസ്കോ: സാമൂഹിക മാധ്യമമായ ട്വിറ്റർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടതിനാൽ 4,400 കോടി ഡോളറിന്റെ (44 ബില്യൺ ഡോളർ) അവസാനിപ്പിക്കുകയാണെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. കരാറിൽനിന്ന് പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു.

ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളിൽ ഒന്നായിരുന്നു ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. ഏപ്രിൽ മാസം മുതൽ തന്നെ ഇലോൺ മസ്കും ട്വിറ്റർ കരാറും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്. 4,400 കോടി ഡോളറിന് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ ട്വിറ്ററിലെ നിക്ഷേപകർക്കെല്ലാം ഓഹരിയൊന്നിന് 54.2 ഡോളർ വീതം ലഭിക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. 

എന്നാൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോൾ ട്വിറ്റർ വാങ്ങുന്ന തീരുമാനത്തിൽനിന്ന് ഇലോൺ മസ്കിനെ പിന്തിരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മേയ് ഒമ്പതിന് ഇലോൺ മസ്ക് ട്വിറ്ററിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും ലയന കരാറിൽനിന്ന് പിന്മാറുകയുമാണെന്നാണ് ഇലോൺ മസ്ക് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ വ്യക്തമാക്കുന്നത്.