തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നിമിഷങ്ങള്‍ക്കകം വാട്ട്‌സ്‌ആപ്പ് വഴി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്തര്‍ സംസ്ഥാന- രാജ്യാന്തര യാത്രകള്‍ക്കടക്കം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാകുന്ന സാഹചര്യത്തില്‍ ഈ തീരുമാനം ഏറെ ശ്രദ്ധേയമാണ്. കോവിന്‍ വാക്സിനേഷന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിന് വാട്ട്സ്‌ആപ്പ് സംവിധാനം ഏറെ ഗുണകരമാകും.
വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് വാട്ട്സ്‌ആപ്പ് സന്ദേശം അയച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. “സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണക്കാരന്റെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നു! ഇപ്പോള്‍ മൂന്ന് എളുപ്പ ഘട്ടങ്ങളിലൂടെ MyGov കൊറോണ ഹെല്‍പ് ഡെസ്ക് വഴി കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം. +91 9013151515 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക. ‘കൊവിഡ് സര്‍ട്ടിഫിക്കറ്റ്’ എന്ന് ആ നമ്പരിലേക്ക് വാട്ട്സ്‌ആപ്പില്‍ സന്ദേശം അയക്കുക. പിന്നീട് ലഭിക്കുന്ന ഒ.ടി.പി എന്റര്‍ ചെയ്യുക, നിങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുളളില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും” എന്നും മന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ ഈ പ്രക്രിയ പരീക്ഷിച്ച പലര്‍ക്കും തെറ്റായ ഫലങ്ങള്‍ ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഡോസുകള്‍ക്കും ഒരേ തീയതിയാണ് സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചതെന്നും രണ്ട് ഡോസ് ലഭിച്ചിട്ടും കുത്തിവയ്പ് എടുത്തിട്ടില്ലെന്ന് അറിയിച്ചതായും ചിലര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, മന്ത്രാലയത്തിന്റെ ഈ നീക്കത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്തെത്തി. “അര്‍ഹിക്കുമ്ബോള്‍ ഞാന്‍ എല്ലായ്‌പ്പോഴും കേന്ദ്രസര്‍ക്കാരിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കോവിനെ നിരീക്ഷിക്കുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ, അവര്‍ മികച്ച ഒരു കാര്യം ചെയ്തു. ‘ഡൗണ്‍ലോഡ് സര്‍ട്ടിഫിക്കറ്റ്’ എന്നൊരു വാട്ട്സ്‌ആപ്പ് സന്ദേശം 9013151515 ലേക്ക് അയയ്ക്കുക. ഒ.ടി.പി സ്വീകരിച്ച് തിരികെ വാട്ട്സ്‌ആപ്പില്‍തന്നെ നിങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുക. ലളിതമായും വേഗത്തിലും” എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.



