വാഷിംഗ്ടൺ ഡിസി: തായ്വാൻ കടലിടുക്കിൽ തങ്ങളുടെ രണ്ടു യുദ്ധക്കപ്പലുകൾ പ്രവേശിച്ചതായി യുഎസ് നാവികസേന അറിയിച്ചു.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന്റെ പേരിൽ ചൈനീസ് പട്ടാളം പ്രകോപനം തുടങ്ങിയശേഷം ആദ്യമായാണു യുഎസ് യുദ്ധക്കപ്പലുകൾ ഇങ്ങോട്ടു നീങ്ങുന്നത്. അന്താരാഷ്ട്ര സമുദ്രമേഖലയിലെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നു യുഎസ് പറയുന്നു.
യുഎസ്എസ് ആന്റിയേറ്റം, യുഎസ്എസ് ചാൻസലേഴ്സ്വിൽ എന്നീ ഗൈഡഡ് മിസൈൽ ക്രൂസറുകളാണു തായ്വാൻ കടലിടുക്കിലൂടെ നീങ്ങുന്നത്. യുഎസും പാശ്ചാത്യരാജ്യങ്ങളും ഇതിനു മുന്പും ഇത്തരം നടപടികൾക്കു മുതിർന്നിട്ടുണ്ട്. തായ്വാനെ വിമതപ്രവിശ്യയായിട്ടുമാത്രം കരുതുന്ന ചൈന ഇത്തരം നടപടികളെ പ്രകോപനപരമായി കരുതുന്നു.
നാൻസി പെലോസിയുടെ സന്ദർശനത്തിനു പിന്നാലെ ചൈനീസ് പട്ടാളം തായ്വാന്റെ സമുദ്രാതിർത്തി വളഞ്ഞ് അഭ്യാസങ്ങൾ നടത്തിയിരുന്നു. അമേരിക്കൻ യുദ്ധക്കപ്പലുകളുടെ നീക്കം നിരീക്ഷിച്ചുവരികയാണെന്നും അതീവജാഗ്രതയിലാണെന്നും ഏതു പ്രകോപനത്തെയും നേരിടാൻ തയാറാണെന്നും ചൈനീസ് പട്ടാളം ഇന്നലെ പറഞ്ഞു.



