പി പി ചെറിയാൻ
വാഷിങ്ടൻ ∙ അമേരിക്കയിലെ ഏറ്റവും കൂടുതൽ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന നാഷനൽ എജ്യുക്കേഷൻ അസോസിയേഷൻ അധ്യാപകരിലും കുട്ടികളിലും കോവിഡ് പ്രതിരോധിക്കുന്നതിനു ബൈഡൻ പ്രഖ്യാപിച്ച നയങ്ങൾക്ക് പിന്തുണ നൽകി. ഇതു സംബന്ധിച്ചു എൻഇഎ പ്രഖ്യാപനം വ്യാഴാഴ്ചയാണ് പുറത്തു വിട്ടത്.

അധ്യാപകരും, കുട്ടികളും വാക്സിനേഷൻ സ്വീകരിക്കുന്നതാണ് അഭികാമ്യം. മാത്രമല്ല കോവിഡ് കുട്ടികളെപോലും ബാധിക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കെ മാസ്ക് ധരിക്കുന്നത് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണെന്നും അധ്യാപകർ തുടർച്ചയായി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് കണ്ടെത്തുന്നതും ആവശ്യമാണെന്ന് എഇഎ പ്രസിഡന്റ് ബെക്കി പ്രിംഗിൾ പറഞ്ഞു.

സംഘടനയിൽ അംഗങ്ങളായിട്ടുള്ള 3 മില്യൻ അധ്യാപകരും, അവർ പഠിപ്പിക്കുന്ന കുട്ടികളും വിദ്യാലയങ്ങളിൽ എത്തുന്നതു വാക്സിനേഷൻ സ്വീകരിച്ചും, മാസ്ക് ധരിച്ചും ആയിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

അതേ സമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ അധ്യാപക യൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് (എഎഫ്ടി) വാക്സിനേഷൻ സ്വീകരിക്കുന്നതാണ് നല്ലതെങ്കിലും, മെഡിക്കൽ, റിലിജയസ് സാഹചര്യങ്ങളിൽ വാക്സിൻ നിഷേധിക്കുന്നവരെ പിഴയിടാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. 1.7 മില്യൻ അധ്യാപകരെ പ്രതിനിധികരിക്കുന്ന എഎഫ്ടിയുടെ പ്രസിഡന്റ് റാൻസി വിൽഗാർട്ടൻ കൃത്യമായ കോവിഡ് പരിശോധന നടത്തുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.