പി പി ചെറിയാൻ

ഡാളസ് ∙ ഡാലസിൽ കോവിഡ് വ്യാപിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തതോടെ ഡാലസ് കൗണ്ടിയിലെ എല്ലാ പബ്ലിക്ക് സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കികൊണ്ട് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് ഉത്തരവിറക്കി. മാസ്ക്ക് മാൻഡേറ്റ് പൂർണ്ണമായും ഒഴിവാക്കികൊണ്ടു ടെക്സസ് ഗവർണർ പുറത്തിറക്കിയ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്ത ഡാലസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

കൗണ്ടി ജഡ്ജിയും, വിദ്യാർഥികളുടെ ചില രക്ഷാകർത്താക്കളും ചേർന്നാണ് ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഡാലസ് കൗണ്ടിയും, ബെക്സർ കൗണ്ടിയുമാണ് മാസ്ക് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയത്. ഡാലസ് ജഡ്ജി ടോണിയ പാർക്കർ ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സാൻഅന്റോണിയായിലും ജഡ്ജി അന്റോണിയൊ ആർട്ടിയേഗ ഗവർണറുടെ ഉത്തരവിന് താല്ക്കാലിക സ്റ്റേ നൽകിയിട്ടുണ്ട്.

സാൻഅന്റോണിയായിലും പബ്ലിക്ക് സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവ് പ്രാബല്യത്തിൽ വന്നതായി സാൻഅന്റോണിയൊ മെട്രോ പോലിറ്റൻ ഹെൽത്ത് ഡിസ്ട്രിക്റ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജുൻഡൊവു അറിയിച്ചു.

മാസ്ക് ഉപയോഗിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് ഗവർണർ ഉത്തരവിട്ടിരുന്നുവെങ്കിലും സ്വയം മാസ്ക് ധരിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.