മുംബൈ: ആൾക്കൂട്ടം നോക്കി നിൽക്കെ മുംബൈയിലെ തിരക്കുള്ള റോഡിൽ വച്ച് മുൻ കാമുകിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. രോഹിത്ത് യാദവ് എന്ന 20 കാരനാണ് മുൻ കാമുകി ആരതി യാദവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ആരതി പുതിയ ബന്ധം ആരംഭിച്ചെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. ആരതിയെ സ്പാനറുമായി പിന്തുടർന്ന യാദവ്, ഇവരുടെ ശ്വാസം നിലയ്ക്കുന്നതുവരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആരതി ജോലിക്ക് പോകവെ സായിയിലെ കിഴക്ക് ചിഞ്ച്പട മേഖലയിൽ രാവിലെ 8.30 ഓടെയായിരുന്നു കൊലപാതകം. തിരക്കുള്ള റോഡിലൂടെയാണ് ആരതി നടന്നുപോയിരുന്നത്. പിന്നിലൂടെ രോഹിത് പാഞ്ഞടുത്ത് തലയ്ക്ക് സ്പാനറുകൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ആരതി താഴെ വീണു. തല ഉയർത്താൻ ശ്രമിച്ചെങ്കിലും രോഹിത്ത് യാദവ് 15 തവണ ആരതിയുടെ തലയ്ക്ക് സ്പാനറുകൊണ്ട് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ആരതി മരിച്ചു. ആരതി അനങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇയാൾ ആക്രമണം നിർത്തിയത്.
ഒരാൾ തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ സ്പാനർ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു രോഹിത്ത്. മറ്റാരും ആക്രമണം തടയാനോ രോഹിത്തിനെ പിടിച്ചുമാറ്റാനോ ശ്രമിച്ചില്ല. ‘നീ എന്തിനിത് എന്നോട് ചെയ്തു? എന്തിന് ചെയ്തു’ എന്ന് ഇയാൾ ആരതിയുടെ മൃതദേഹത്തെ നോക്കി ഹിന്ദിയിൽ ഉറക്കെ ആക്രോശിക്കുന്നതായി മൊബൈൽ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവസാനമായി ഒരിക്കൽ കൂടി സ്പാനറുകൊണ്ട് ആരതിയുടെ തലയ്ക്കടിച്ച ശേഷം രക്തം പുരണ്ട സ്പാനർ വലിച്ചെറിഞ്ഞ് ഇയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു.
രോഹിത്തിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ആരതി ബന്ധം അവസാനിപ്പിച്ചതോടെ രോഹിത്ത് അസ്വസ്ഥനായിരുന്നു. ആരതി മറ്റൊരാളുമായി ബന്ധത്തിലാണെന്ന സംശയം ഇയാൾക്കുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.



