ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്‌എല്‍വി എഫ് 10ന്റെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയില്‍ നിന്നും പുലര്‍ച്ചെ 5.43നാണ് വിക്ഷേപണം നടക്കുക. ഇഒഎസ് 03 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ജിഎസ്‌എല്‍വി മാര്‍ക്ക് 2 പേടകം ഭ്രമണപഥത്തിലെത്തിയ്‌ക്കുക. ചരിത്ര നേട്ടത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യാതിര്‍ത്തികളുടെ തത്സമയ ചിത്രങ്ങള്‍ നല്‍കും. കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ വേഗത്തില്‍ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ഓണ്‍ബോര്‍ഡ് ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിര്‍ത്തികളേയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ഉപഗ്രഹത്തിന് സാധിക്കും.

അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്03 ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നുകൊണ്ട് മുഴുവന്‍ സമയവും ഇന്ത്യന്‍ ഭൂഖണ്ഡത്തെ നിരീക്ഷിക്കും. ഇതേ ശ്രേണിയിലുള്ള രണ്ടാമത്തെ ഉപഗ്രഹം 2022ല്‍ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. നേരത്തെ ജിസാറ്റ്1 എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജിഎസ്‌എല്‍വി എഫ് 10ന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു. മാര്‍ച്ച്‌ 20നായിരുന്നു ആദ്യം വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ അത് നീട്ടുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതും നീളുകയായിരുന്നു.