സൂപ്പര്‍താരം വിജയ്, തന്റെ ആഢംബര വാഹനമായ റോള്‍ഡ് റോയ്സ് ഗോസ്റ്റിന്റെ നികുതി അടച്ചതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ, നികുതി ഇളവ് ആവശ്യപ്പെട്ട വിജയ്ക്കെതിരെ കോടതി വിമര്‍ശനം നടത്തിയിരുന്നു. നേരത്തെ, എട്ട് ലക്ഷം രൂപ വിജയ് നികുതി അടച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 32 ലക്ഷം രൂപ കൂടി നികുതിയായി അടച്ചതായാണ് വിവരം. 40 ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ നികുതി. 2012-ലാണ് ലണ്ടനില്‍ നിന്ന് വിജയ് റോള്‍സ് റോയ്സ് ഗോസ്റ്റ് ഇന്ത്യയില്‍ എത്തിച്ചത്. ഇതിനുപിന്നാലെ തന്നെ വാഹനത്തിന്റെ ഇന്ത്യയിലെ നികുതിയും മറ്റ് ഫീസുകളും അടച്ചിരുന്നു. എന്നാല്‍, എന്‍ട്രി ടാക്സ് ഒഴിവാക്കി നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഇതിനായി പത്ത് വര്‍ഷം നീണ്ട നിയമപോരാട്ടമാണ് അദ്ദേഹം നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായത്. ഇതിനുപുറമെ, നികുതി വെട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. നടനില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കുന്ന പണം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ജസ്റ്റിസ് എം.സുബ്രഹ്മണ്യം വിധിച്ചത്. ഈ പശ്ചാത്തലത്തിലാണ് നടപടി.



