ന്യൂയോര്‍ക്ക്: അഫ്ഗാനില്‍ രാഷ്‌ട്രീയ സമവായത്തിനായി ഐക്യരാഷ്‌ട്രസഭയുടെ നീക്കം. താലിബാന്‍ ഭീകരാക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കാണ് വിവരം അറിയിച്ചത്.

ദോഹ സമാധാന കരാറിനെ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് താലിബാന്‍ അക്രമം വ്യാപിപ്പിക്കുന്നത്. അമേരിക്കന്‍ സൈന്യം ഈ മാസം പൂര്‍ണ്ണമായും പിന്‍വാങ്ങുന്നതോടെ അധികാരം പിടിക്കാനാണ് താലിബാന്‍ ശ്രമം. സാധാരണക്കാരെ കൊന്നൊടുക്കി നടത്തുന്ന അധികാരം പിടിക്കല്‍ സമാധാനത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്ന തരത്തിലാണെന്ന് സ്റ്റെഫാന്‍ പറഞ്ഞു.

അഫ്ഗാനിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുമായി സമാധാനം പുന:സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഭരണകൂടങ്ങളുടെ നിലനില്‍പ്പില്‍ ആ നാട്ടിലെ പാര്‍ട്ടികള്‍ക്ക് സുപ്രധാന പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്നതിനാലാണ് ചര്‍ച്ചക്ക് ശ്രമിക്കുന്ന തെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ നയം. ഇതിനിടെ അമേരിക്കന്‍ സ്ഥാനപതി സാല്‍മായ് ഖലീല്‍സാദ് ഖത്തറിലെത്തി മറ്റ് ലോകരാജ്യങ്ങളെ അഫ്ഗാനില്‍ ഇടപെടുത്താനുള്ള നീക്കത്തിലാണ്.

നിലവില്‍ അഫ്ഗാനില്‍ പ്രവിശ്യകള്‍ പിടിച്ചെടുക്കാനുളള പോരാട്ടത്തിലാണ് താലിബാന്‍. ഭൂരിഭാഗം ജില്ലകളും താലിബാന്‍ കയ്യടക്കി മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കുന്നത് നിത്യസംഭവമായിക്കഴിഞ്ഞു. സ്ത്രീകളെ വീടുകളില്‍ നിന്നും ഇറക്കാത്ത നയം പിടിച്ചെടുക്കപ്പെട്ട എല്ലാ ജില്ലകളിലും താലിബാന്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ശക്തമായി ചെറുത്തു നില്‍ക്കുന്ന അഫ്ഗാന്‍ സൈന്യത്തിനായി അമേരിക്കയുടെ ബോംബര്‍വിമാനങ്ങളും ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ്.