ദോഹ: ലോകകപ്പ് നിലനിർത്താൻ ഒരുങ്ങുന്ന ഫ്രഞ്ച് ടീമിന് പനി പണികൊടുക്കുമോ? ആശങ്കയിലാണ് ഫ്രഞ്ച് ആരാധകർ. ഫ്രാൻസ് ടീമിലെ അഞ്ച് താരങ്ങൾക്കാണ് പനി ബാധിച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്.
ഇവർ പൂർണമായും ശാരീരികക്ഷമത വീണ്ടെടുത്തോയെന്ന വിവരം ഫ്രഞ്ച് ടീം അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതിരോധനിരക്കാരായ റാഫേൽ വരാനെ, ഇബ്രാഹിമ കൊണാട്ടെ, വിംഗർ കിംഗ്സ്ലി കോമാൻ എന്നിവർക്കാണ് ഏറ്റവും അടുത്ത് പനിബാധിച്ചത്. ഇവർ വെള്ളിയാഴ്ച നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. മൊറോക്കോയ്ക്കെതിരായ സെമിയിൽ അഡ്രിയൻ റബിയോട്ട്, ദയോട്ട് ഉപമെക്കാനോയും പനി മൂലം കളിച്ചിരുന്നില്ല. ഇതിനു ശേഷമാണ് മൂന്ന് താരങ്ങൾക്ക് കൂടി പനിബാധിച്ചത്.
ശനിയാഴ്ച വാർത്താ സമ്മേളനത്തിന് എത്തിയ ഫ്രഞ്ച് പരിശീലകൻ ദെഷാമും ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും കളിക്കാരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിട്ടുപറഞ്ഞില്ല. തമാശമട്ടിലായിരുന്നു ദെഷാമിന്റെ മറുപടി. താൻ വളരെ നേരത്തെ ടീം ക്യാമ്പ് വിട്ടിരുന്നു. ആ സമയം അവർ ഉറങ്ങുകയായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തനിക്ക് അറിയില്ലെന്നായിരുന്നു ഫ്രഞ്ച് പരിശീലകന്റെ മറുപടി. തങ്ങളുടെ മെഡിക്കൽ സ്റ്റാഫ് കഴിയുന്നത്ര നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ക്യാപ്റ്റൻ ലോറിസ് പറഞ്ഞു.
തുടർച്ചയായി ലോകകപ്പ് നേടുന്ന രണ്ടാമത്തെ ടീം എന്ന റിക്കാർഡാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്. 1962-ൽ ബ്രസീൽ ഈ നേട്ടം കൈവരിച്ചതിന് ശേഷം മറ്റാർക്കും തുടർച്ചയായി രണ്ട് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല.



