ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ (43) രണ്ടാം തവണയും അയര്‍ലൻഡ് പ്രധാനമന്ത്രി. ഭരണമുന്നണിയിലെ സഖ്യകക്ഷികൾ തമ്മിലുള്ള ധാരണ അനുസരിച്ചാണ് മന്ത്രിസഭാ പുനഃസംഘടനയിൽ ഉപപ്രധാനമന്ത്രിയായിരുന്ന വരദ്കർ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് 2017 – 2020 കാലയളവിൽ ഡോക്ടർ കൂടിയായ വരദ്കര്‍ പ്രധാനമന്ത്രിയായിരുന്നു.
നിലവിലെ പ്രധാനമന്ത്രി മൈക്കല്‍ മാര്ട്ടിൻ രാജിവച്ചു. 2025 തെരഞ്ഞെടുപ്പ് വരെ മാർട്ടിൻ ഉപപ്രധാനമന്ത്രിയാകും, കൂടാതെ വിദേശകാര്യ മന്ത്രി സ്ഥാനവും അദ്ദേഹം വഹിക്കുമെന്നാണ് വിവരം. രാജ്യത്തെ പ്രബലമായ മധ്യ-വലതു കക്ഷികളാണ് മാർട്ടിന്റെ ഫിയാന ഫെയിലിനെയും വരദ്കറുടെ ഫൈൻ ഗെയിലും. ഇവരെ കൂടാതെ ഗ്രീൻ പാർട്ടിയും ഭരണസഖ്യത്തിലുണ്ട്.
കൂട്ടുകക്ഷി സർക്കാരിന്റെ ധാരണയനുസരിച്ച് നിലവിലെ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ രണ്ടരവർഷ കാലാവധി പൂർത്തിയാക്കിയതിനാലാണ് വരദ്കര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. വരദ്കറുടെ പിതാവ് അശോക് വരദ്കർ മഹാരാഷ്ട്ര സ്വദേശിയാണ്. അമ്മ മിറിയം ഐറിഷ് വംശജയാണ്. വരദ്കർ ജനിച്ചതും വളർന്നതും അയർലൻഡിലാണ്.
അയർലൻഡിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ വരദ്കർ രാജ്യത്തിന്റെ ചരിത്രത്തിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്.



