കോട്ടയം: മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75 ) കാലം ചെയ്തു. ഇന്ത്യൻ സമയം രാവിലെ ഏകദേശം മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങൾ വെന്റിലേറ്ററിന്റെ സഹായത്തോടെ വിദഗ്ദ്ധ ചികിത്സ നൽകി വരികയായിരുന്നു. മലങ്കര ഓർത്തോഡോക്സ് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
കോവിഡ് രോഗബാധിതനായി ചികിത്സ ആരംഭിച്ചെങ്കിലും അതിൽ നിന്ന് പൂർണ വിമുക്തനായ ബാവ കാൻസർ ചികിത്സയുമായി പരുമല ആശുപത്രിയിൽ തുടരുകയായിരുന്നു.
1946 ഓഗസ്റ്റ് 30 നാണ് ബാവായുടെ ജനനം, കുന്നംകുളത്തിനടുത്തുള്ള പഴഞ്ഞിയിൽ. 2010 നവമ്പർ ഒന്നിന് ബസേലിയോസ് മാർത്തോമാ ദിതീയൻ എന്ന പേരിൽ സഭയുടെ കാതോലികയായി ഉയർത്തപ്പെട്ടു.
കഴിഞ്ഞ ദിവസം പരുമല സെമിനാരിയിൽ കൂടിയ അടിയന്തിര സുന്നഹദോസും, വർക്കിങ് കമ്മറ്റിയും പരിശുദ്ധ കാതോലിക്കാ ബാവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വക്കും.
കബറടക്ക ശുസ്രൂഷകൾ 13 രാവിലെ ആരംഭിക്കും. പരുമല പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവല്ലാ, കോട്ടയം വഴി കാതോലിക്കേറ്റ് ആസ്ഥാനമായ ദേവലോകം അരമനയിൽ ഭൗതിക ശരീരം എത്തിച്ച് സമാപന ശുശ്രൂഷകൾ പൂർത്തീകരിക്കും. കബറടക്ക ശുശ്രൂഷകൾക്ക് സീനിയർ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമ്മീസ് നേത്രത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പോലിത്തന്മാർ സഹകാർമ്മികരായിരിക്കും.



