ആദ്യ പകുതിയിൽ ആക്രമണങ്ങൾ അഴിച്ചു വിട്ട മുംബൈയ്ക്ക് ഇരുപത്തിയൊന്നാം മിനിറ്റിൽ മെഹ്താബാണ് ലീഡ് നല്കിയത്. കോർണറിൽ നിന്ന് ലഭിച്ച അവസരം തകർപ്പൻ ഇടംകാല്‍ ഷോട്ടിലൂടെ മെഹ്താബ് വലയിലെത്തിക്കുകയായിരുന്നു.
പത്ത് മിനിറ്റിന് ശേഷം മുംബൈ ലീഡ് വർദ്ധിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം ബോൾ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ് അനായാസം ബോൾ വലയിലെത്തിക്കുകയായിരുന്നു.
ഇടവേളയ്ക്കു ശേഷം മറ്റൊരു ബ്ലാസ്റ്റേഴ്സിനെയാണ് മുംബൈ കണ്ടത്. തിരമാല പോലെയുള്ള ആക്രമണത്തിൽ മുംബൈ വിയർത്തു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.
മുംബൈ ഗോളിയുടെ മികച്ച സേവുകൾക്കൊപ്പം ക്രോസ് ബാറും ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന് വിലങ്ങ് തടിയായി.



