രണ്ടാം പിണറായി സര്‍ക്കാറിനെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പുറത്തുവന്നു തുടങ്ങി. പ്രധാനമായും മൂന്ന് വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. കോവിഡ് കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുക വീണ ജോര്‍ജ്ജാകും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കെ എന്‍ ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രിയാകുമ്ബോള്‍ പി രാജീവ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് ആര്‍ ബിന്ദുവിനെ പരിഗണിക്കുന്നത്.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ജനതാദളിലെ കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്ന അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പാണ് വിട്ടു നല്‍കുന്നത്. അതേസമയം ഗതാഗത വകുപ്പ് എന്‍സിപിയില്‍ നിന്നും മാറ്റുമെന്നാണ് സൂചനകളുള്ളത്.
എക്‌സൈസ് മന്ത്രിയായി വി.എന്‍.വാസവന്‍ വരാനാണ് സാധ്യത കൂടുതല്‍. ശിവന്‍കുട്ടിയെ ദേവസ്വം വകുപ്പിലേക്കാണ് പരിഗണിക്കുന്നത്. ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിന് ലഭിക്കാനാണ് സാധ്യത. നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേ ഇന്നു തന്നെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഎം ശ്രമം. മറ്റ് വകുപ്പു മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകായണ്.
കേന്ദ്രകമ്മിറ്റി അംഗമായ എം വിഗോവിന്ദന് തദ്ദേശസ്വയംഭരണവകുപ്പ് കിട്ടാനാണ് സാധ്യത. സഹകരണ വകുപ്പിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. കെ രാധാകൃഷ്ണന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവവകുപ്പ് നല്‍കാനാണ് ഒടുവിലെ ധാരണ.



