രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയാകാന്‍ വീണാ ജോര്‍ജ്. ഒന്നാം പിണറായി സര്‍ക്കാരില്‍ കെ.കെ ശൈലജ കൈകാര്യം ചെയ്ത വകുപ്പാണ് ഇത്തവണ വീണാ ജോര്‍ജിന് നല്‍കിയിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തനത്തിലും ജനപ്രതിനിധി എന്ന നിലയിലും തിളങ്ങിയ വീണയുടെ രണ്ടാം വിജയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പുകളില്‍ ഇടതുമുന്നണിക്ക് കാര്യമായ നേട്ടം സമ്മാനിച്ച ജില്ലയാണെങ്കിലും സി പി എമ്മിന് ആദ്യമായാണ് പത്തനംതിട്ടയില്‍ ഒരു മന്ത്രി സ്ഥാനം എത്തുന്നത്.

2016-ല്‍ മാധ്യമപ്രവര്‍ത്തന രംഗം വിട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ വീണാ ജോര്‍ജിന് സഭാ സ്ഥാനാര്‍ത്ഥിയെന്ന ലേബലുണ്ടായിരുന്നു.

സിപിഎമ്മിന്റെ രാഷ്ട്രീയ പരീക്ഷണം ശരിയാകുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് കണ്ടത്. 7646 വോട്ടിന്റെ ദൂരിപക്ഷത്തില്‍ ജയിച്ച വീണ ഇത്തവണ 19,003 വോട്ടിന്റെ വ്യത്യാസത്തില്‍ ആധികാരിക വിജയം നേടി.

കേരളത്തില്‍ ഒരു വാര്‍ത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ് വീണ. ഓര്‍ത്തഡോക്‌സ് സഭ മുന്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. അന്നയും ജോസഫും മക്കളാണ്.